SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

കെ സ്‌മാർട്ട് ഇനി ട്രിപ്പിൾ സ്‌മാർട്ട്

k-smart

ആലപ്പുഴ: സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് പദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലും 12 ബ്ലോക്കുകളിലും ജില്ലാപഞ്ചായത്തിലും ഇതോടെ കാര്യങ്ങൾ കൂടുതൽ സ്മാർട്ടാകും. ആലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര, ഹരിപ്പാട് നഗരസഭകളിൽ കഴിഞ്ഞവർഷം പദ്ധതി നടപ്പാക്കിയിരുന്നു.

പഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമായിരിക്കുമെന്നാണ് വിലയിരുത്തൽ. വേഗത്തിൽ സേവനം നൽകുന്നതിനൊപ്പം ഉദ്യോഗസ്ഥർക്ക് ജോലിഭാരം കുറയ്ക്കാനും ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച കെ സ്മാർട്ടിനാകും. ജീവനക്കാർക്കുള്ള പരിശീലനം ജില്ലയിൽ പുരോഗമിക്കുകയാണ്. അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.

അതേസമയം,​ ത്രിതല പഞ്ചായത്തുകളിലെ കെ സ്മാർട്ട് വിന്യാസത്തിന്റെ ഭാഗമായി 31 മുതൽ ഏപ്രിൽ 5 വരെ സേവനങ്ങൾക്കായി ജനങ്ങൾക്ക് അപേക്ഷ നൽകാൻ സാധിക്കില്ലെന്നും ഏപ്രിൽ ഒന്ന് മുതൽ 9 വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചിട്ടുണ്ട്.

ഓഫീസുകൾ കയറിയിറങ്ങേണ്ട

1.തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച്,​ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കും. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതത് മോഡ്യൂളുകളിലെത്തി സേവനം ലഭ്യമാക്കാം

2.ലോഗിൻ ഐ.ഡി ഉപയോഗിച്ച് വീഡിയോ കെ.വൈ.സിയും പൂർത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ വിദേശത്തിരുന്ന് ചെയ്യാൻ സാധിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പിലുടെയും സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാകും

3.സേവനം വൈകുന്നെന്നും ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികൾ ഈ സംവിധാനത്തിലൂടെ ഇല്ലാതാകും. സേവനങ്ങൾക്ക് ഡിജിറ്റൽ ഫീസ് ഈടാക്കും. സേവനങ്ങൾക്കനുസരിച്ച് അഞ്ചും, പത്തും രൂപ വീതമാണ് ഈടാക്കുക

4. വിവിധ രേഖകൾക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ സ്മാർട്ട് സേവനങ്ങൾക്ക് ഫീസ് ഈടാക്കിയിരുന്നില്ല. അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുന്നവർക്ക് അവരുടെ സേവനഫീസും, ഡിജിറ്റൽ ഫീസും നൽകേണ്ടിവരും

സേവനങ്ങൾ

 ജനന, മരണ, വിവാഹ രജിസ്ട്രേഷൻ

 വ്യാപാര,വ്യവസായ ലൈസൻസുകൾ

 വസ്തുനികുതി,​ കെട്ടിട പെർമിറ്റ്

 എൻ.ഒ.സികൾ,​ പരാതി പരിഹാരം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL