SignIn
Kerala Kaumudi Online
Saturday, 25 April 2026 6.17 PM IST

നെല്ല് സംഭരണ പ്രതിസന്ധി: കർഷക പ്രതിഷേധം നാളെ

Increase Font Size Decrease Font Size Print Page
nel

ആലപ്പുഴ: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലുണ്ടായ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകർ നാളെ രാവിലെ 10ന് മങ്കൊമ്പ് പാഡി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തും. നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷഷമത്തിൽ പാടശേഖര സമിതികളും പങ്കാളികളാകും.

പുളിങ്കുന്ന്, നീലമ്പേരൂർ, തകഴി, കുട്ടനാട്, ചമ്പക്കുളം കൃഷിഭവൻ പരിധികളിലെ വിവിധ പാടങ്ങളിൽ ആയിരക്കണക്കിന് ക്വിന്റൽ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. ശ്രീമൂലമംഗലം പാടത്തും പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ 6300 ഏക്കറോളം വരുന്ന മറ്റു പാടങ്ങളിൽ പകുതിയിലും വിളവെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്. 600 ലോഡോളം നെല്ലാണ് ഇവിടങ്ങളിൽ കെട്ടികിടക്കുന്നത്. മതികായൽ തെക്ക്, മതികായൽ വടക്ക്, മഠത്തിക്കായൽ, പുത്തൻപുരക്കായൽ,മാതാകായൽ, മഠത്തിൽകായൽ താഴ്ച, മഠത്തിൽകായൽ പൊക്കം,പടിഞ്ഞാറെ വേണാട്ടുകരി തുടങ്ങിയ പാടങ്ങളിലും ലോഡ് കണക്കിന് നെല്ല് മില്ലുകാരെ കാത്ത് കിടക്കുകയാണ്. സപ്ളൈകോ പാ‌ഡി വിഭാഗമാണ് സംഭരണത്തിനായി മില്ലുകളെ നിയോഗിക്കുന്നത്. വേനൽ മഴയോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ കിഴിവ് കൂടാതെ ഏറ്രെടുക്കാവുന്ന നെല്ലിന്റെ സംഭരണമാണ് മില്ലുകാർ വൈകിപ്പിക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

കെട്ടിക്കിടക്കുന്നത് 700 ലോഡ്

1.കുട്ടനാട്,​ അപ്പർ കുട്ടനാട് മേഖലകളിലെ പാടശേഖരങ്ങളിൽ 700 ലോഡോളം നെല്ല് കെട്ടികിടക്കുന്നതിനാലാണ് കർഷകർ പ്രക്ഷോഭത്തിനിറങ്ങുന്നത്

2. പുഞ്ചക്കൊയ്ത്ത് അമ്പതുശതമാനം പോലും പൂർത്തീകരിക്കും മുമ്പേ നെല്ല് സംഭരണം അവതാളത്തിലായതാണ് കർഷകരെ ആശങ്കയിലാക്കിയത്

3. വലിയ പാടങ്ങളിലെല്ലാം ഒരേ സമയം വിളവെടുപ്പ് വന്നതാണ് പ്രതിസന്ധി ഇത്രമാത്രം രൂക്ഷമാക്കിയതെന്നാണ് സപ്ളൈകോ അധികൃതരുടെ ഭാഷ്യം

4.അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ കായൽനിലങ്ങളിൽ ഉൾപ്പടെ വിവിധ പാടങ്ങളിലായി ടൺ കണക്കിന് നെല്ലാണ് ആഴ്ചകളായി കെട്ടിക്കിടക്കുന്നത്

വാർത്തയ്ക്ക് പിന്നാലെ നെല്ലേറ്റെടുത്തു

കൊയ്ത്ത് കഴിഞ്ഞ് രണ്ടാഴ്ചയിലേറെയായി ആലപ്പുഴ കരിയിൽ പാടത്ത് കെട്ടിക്കിടന്ന മൂന്നുലോഡോളം നെല്ല് കേരളകൗമുദിയിൽ വാർത്ത വന്നതിന് പിന്നാലെ ഇന്നലെ മില്ലുകാരേറ്റെടുത്തു. ആറുകിലോ കിഴിവ് നൽകാമെന്ന് കർഷകർ സമ്മതിച്ചിട്ടും സംഭരിക്കാൻ വിസമ്മതിച്ച നെല്ലാണ് 5 കിലോ കിഴിവ് പ്രകാരം ഏറ്രെടുത്തത്. ഇന്നലെ രാവിലെ മുതൽ ചാക്കുകളിൽ നിറച്ച നെല്ല് വൈകുന്നേരത്തോടെ ലോറികളിൽ കയറ്റി മില്ലുകളിലേക്ക് മാറ്റി.

വൻതോതിൽ നെല്ല് കെട്ടികിടക്കുന്ന പാടങ്ങളിലെ നെല്ല് പല മില്ലുകൾക്കായി വീതം വച്ചുനൽകി കർഷകർക്ക് ബുദ്ധിമുട്ടില്ലാതെ സംഭരണം പൂർത്തിയാക്കാനുളള നടപടികൾ ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകും

- സപ്ളൈകോ അധികൃതർ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY