
മാവേലിക്കര: നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ചതാണ് മാവേലിക്കരയുടെ ചരിത്രം. സിറ്റിംഗ് എം.എൽ.എ എം.എസ് അരുൺകുമാർ എം.എൽ.എയെയാണ് രണ്ടാമങ്കത്തിന് ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ സംസ്ഥാന ചെയർമാനും അഭിഭാഷകയുമായ മുത്താരരാജാണ് യു.ഡി.എഫിനു വേണ്ടി മത്സരിക്കുന്നത്. കന്നിയങ്കമാണ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗവും സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന സമിതിയംഗവുമായ കെ. അജിമോനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
മുൻകാലങ്ങളിൽ കടുത്ത പോരാട്ടങ്ങൾ നടന്ന മണ്ഡലമായിരുന്നു മാവേലിക്കര. അടുത്ത കാലത്ത് ഇടതുപക്ഷത്തിന്റെ അടിത്തറ വർദ്ധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൈവശമുണ്ടായിരുന്ന ലമേൽ, വള്ളികുന്നം പഞ്ചായത്തുകൾ നഷ്ടപ്പെട്ടത് കനത്ത പ്രഹരമാണ്.
തഴക്കര, തെക്കേക്കര, നൂറനാട്, ചുനക്കര പഞ്ചായത്തുകളിൽ ഇത്തവണയും ഇടതുഭരണം നിലനിർത്തി. മാവേലിക്കര നഗരസഭാ ഭരണം നിലനിർത്താനും പാലമേൽ ,വള്ളികുന്നം പഞ്ചായത്തുകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞതും വലതുമുന്നണിയ്ക്ക് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടിന്റെ എണ്ണം കൂട്ടിയ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ഇടതു- വലതുമുന്നണിയ്ക്ക് വേരോട്ടമുണ്ടായിരുന്ന വള്ളികുന്നത്തുൾപ്പെടെ സീറ്റ് നില കൂട്ടി. വള്ളികുന്നം-5, താമരക്കുളം-3, ചുനക്കര-3,പാലമേൽ-2, നൂറനാട്-1, തെക്കേക്കര-5 , മാവേലിക്കര നഗരസഭ -8 അംഗങ്ങളെവീതം വിജയിപ്പിക്കാനായ ബി.ജെ.പി ആറ്റുവ, പടനിലം, ചുനക്കര, വള്ളികുന്നം ബ്ളോക്ക് ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തി.
അടുത്തിടെ സി.പി.എം വിട്ട മുതിർന്ന നേതാവ് ജി.സുധാകരന്റെ ജന്മനാടുകൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ സുധാകരൻ എഫക്ടും തരംഗമാകും.
മണ്ഡലം
മാവേലിക്കര നഗരസഭ, മാവേലിക്കര , ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തുകൾ, തെക്കേക്കര, തഴക്കര, താമരക്കുളം, പാലമേൽ, വള്ളികുന്നം, നൂറനാട്, ചുനക്കര ഗ്രാമപഞ്ചായത്തുകൾ
2021-ലെ ഫലം
എം.എസ്.അരുൺകുമാർ(എൽ.ഡി.എഫ് ) ..........71,743
കെ.കെ.ഷാജു(യു.ഡി.എഫ്) .................................. 47,026
കെ. സഞ്ജു (ബി.ജെ.പി)............................................30,955
ഭൂരിപക്ഷം .................................................................. 24,717
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |