
ആലപ്പുഴ: ജനങ്ങളെ നേരിൽക്കണ്ട് വോട്ട് ചോദിക്കാനോ,പ്രചാരണത്തിനോ കഴിയാതെ ജയിലിൽക്കിടന്ന് മത്സരിച്ച് എം.എൽ.എയായി. എന്നാൽ,നിയമസഭ കാണാതെ പോകുകയും ചെയ്ത അപൂർവ ചരിത്രമാണ് യശഃശരീരനായ ഡോ. പി.കെ. സുകുമാരന്റേത്. കമ്മ്യൂണിസ്റ്റ് വിരുദ്ധഭരണകൂടം ചൈനീസ് ചാരനെന്ന് മുദ്രകുത്തി കേരളത്തിലെ സി.പി.എം നേതാക്കളെ ജയിലിലാക്കിയപ്പോൾ നേതൃനിരയിലുണ്ടായിരുന്ന സുകുമാരനും തടവിലായി.
തുടർന്ന്,1965ൽ രാഷ്ട്രീയ തടവുകാരനായ സുകുമാരൻ കായംകുളത്ത് സി.പി.എം സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക നൽകി. ജയിലിലായതിനാൽ പ്രചാരണത്തിനോ,വോട്ടർമാരെ നേരിൽക്കണ്ട് വോട്ടു ചോദിക്കാനോ അദ്ദേഹത്തിനായില്ല. തിരഞ്ഞെടുപ്പ് നോട്ടീസിലെയും പോസ്റ്ററിലെയും ഫോട്ടോ കണ്ടാണ് സുകുമാരനെ വോട്ടർമാർ തിരിച്ചറിഞ്ഞത്. എതിർസ്ഥാനാർത്ഥി മുൻ മന്ത്രികൂടിയായ കോൺഗ്രസിലെ തച്ചടി പ്രഭാകരനായിരുന്നു. സ്വാതന്ത്ര്യസമര സേനാനി കെ.കെ. മുഹമ്മദ് (കേരള കോൺഗ്രസ്),എൻ.എസ്.പി പണിക്കർ അടക്കമുള്ള പ്രമുഖരും മത്സരിച്ചു. വാശിയേറിയ മത്സരത്തിൽ 17,522 വോട്ടുകൾ നേടി സുകുമാരൻ വിജയിച്ചു.
എതിർ സ്ഥാനാർഥിയായ തച്ചടി പ്രഭാകരന് 17,179 വേട്ടുകളാണ് ലഭിച്ചത്. കേരളം ഉറ്റുനോക്കിയ ആ തിരഞ്ഞെടുപ്പിൽ പി.കെ. സുകുമാരൻ 343 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും 1965ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമസഭ കൂടിയില്ല. അങ്ങനെ,സത്യപ്രതിജ്ഞ ചെയ്യാനോ,നിയമസഭ കാണാനോ കഴിയാത്ത കായംകുളം എം.എൽ.എയായി സുകുമാരൻ മാറി.
1967ൽ
നിയമസഭയിൽ
ജയിൽ മോചിതനായ സുകുമാരന് കായംകുളത്ത് വൻ സ്വീകരണമാണ് നൽകിയത്. കായംകുളം വാരണപ്പള്ളി കുടുംബാംഗമായ സുകുമാരൻ 1967ൽ കുണ്ടറ നിയോജകമണ്ഡലത്തിൽ നിന്ന് സി.പി.എം ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. തുടർന്ന് ആർ.എസ്.പിയുടെ കോട്ടയായ കൊല്ലത്ത് നിന്ന് ടി.കെ. ദിവാകരനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇൻഡോ-ചൈന ഫ്രണ്ട്ഷിപ്പ് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സുകുമാരൻ. 1954ൽ തിരുക്കൊച്ചിയിലേക്ക് മത്സരിച്ച് വിജയിച്ചു. എ.എ.റഹീം (ഇരവിപുരം),സി.എം. സ്റ്റീഫൻ (കുണ്ടറ),തച്ചടി പ്രഭാകരൻ (കായംകുളം) തുടങ്ങിയ പ്രമുഖരെ പരാജയപ്പെടുത്തി. 2000 നവംബർ 8ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
കായംകുളം
വോട്ടിംഗ് നില (1965)
ഡോ.പി.കെ. സുകുമാരൻ...............17,522
തച്ചടി പ്രഭാകരൻ..............................17,179
കെ.കെ. മുഹമ്മദ്...............................15,519
ഭൂരിപക്ഷം.................................................349
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |