
ആലപ്പുഴ: മൂന്നാഴ്ച നീണ്ട പ്രചാരണ കോലാഹലങ്ങളിൽ നിന്ന് വോട്ടെടുപ്പിന് ശേഷമുള്ള ശാന്തതയുമായി പൊരുത്തപ്പെടുകയാണ് സ്ഥാനാർത്ഥികൾ. ചിലർ ഇന്നലെ പരിപൂർണ വിശ്രമത്തിലേക്ക് നീങ്ങിയപ്പോൾ മറ്റു ചിലർ കുടുംബസമേതം സിനിമ കണ്ടാണ് സമ്മർദ്ദത്തിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് ഇറങ്ങിയത്. മൂന്നാഴ്ച്ച നീണ്ട വിശ്രമരഹിത പോരാട്ടം സമ്മാനിച്ച ശരീരവേദനയാണ് എല്ലാവരും പൊതുവായി നേരിടുന്ന പ്രതിസന്ധി.
ജി.സുധാകരൻ
തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യദിനം അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന് പരിപൂർണ വിശ്രമത്തിന്റേതായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ കാലിന് തുടർച്ചയായ നടപ്പും യാത്രകളും മൂലം നേരിയ ബുദ്ധിമുട്ടുകളുണ്ട്. എത്ര തിരക്കിലും ഫിസിയോതെറാപ്പി മുടക്കാതെ നടത്തിയിരുന്നു. അടുത്ത ദിവസം തന്നെ ആരോഗ്യ പരിശോധനകൾക്ക് പോകും. യാത്രകളൊന്നും പ്ലാനിലില്ലെന്ന് ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ പറഞ്ഞു.
രമേശ് ചെന്നിത്തല
എ.ഐ.സി.സിയുടെ സ്റ്രാർ ക്യാമ്പെയ്നറായ രമേശ് ചെന്നിത്തല അടുത്തുതന്നെ തമിഴ്നാട്ടിൽ പ്രചാരണ പരിപാടികൾക്കായി പോകും. 21 വരെ ഇവിടെയുണ്ടാകും. ഇതിനുശേഷം ബംഗാളിലേക്കും പോകാൻ സാദ്ധ്യതയുണ്ട്. ഇതിനിടയിൽ രണ്ടുദിവസം ആയുർവേദ ചികിത്സ നടത്തിയേക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും വിശ്രമമില്ലാത്ത യാത്രകളുണ്ട്. ഇന്നലെ മണ്ഡലത്തിൽ ഉണ്ടായിരുന്ന രമേശ് ചെന്നിത്തല വൈകിട്ടോടെ തിരുവനന്തപുരത്തെ വസതിയിലെത്തി.
പി. പ്രസാദ്
മന്ത്രി പി. പ്രസാദ് മണ്ഡലത്തിൽ സജീവമാണ്. രാവിലെ പതിവുപോലെ സൈക്കിളിംഗ് നടത്തും. ആശുപത്രിയിൽ കഴിയുന്ന ചില പ്രവർത്തകരെ കാണാൻ പോകും. അടുത്ത ദിവസങ്ങളിൽ കല്യാണമടക്കമുള്ള പരിപാടികളിലും പങ്കാളിയാകും. വീട്ടിൽ പതിവുപോലെ സന്ദർശകരെത്തുന്നുണ്ട്. ഇവരുമായ സംസാരിച്ചാണ് ദിവസം ആരംഭിക്കുന്നത്. ആയുർവേദ ചികിത്സയ്ക്കൊന്നും പദ്ധതിയില്ല. സമയം ലഭിച്ചാൽ രണ്ടുദിവസത്തെ യാത്രയും മന്ത്രിയുടെ മനസിലുണ്ട്.
ദലീമ ജോജോ
കോലാഹലങ്ങളിൽ നിന്ന് മുക്തമായി കുടുംബത്തോടെ സിനിമ ആസ്വദിക്കാനാണ് അരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ദലീമ ജോജോ ഇന്നലെ സമയം കണ്ടെത്തിയത്. പൊതുവേ യാത്രകളോട് താൽപര്യമില്ല. ശരീരത്തിൽ നീരും ബുദ്ധിമുട്ടുകളുണ്ട്. അത് പരിഹരിക്കാൻ രണ്ട് മൂന്നു ദിവസം വിശ്രമിക്കും. അതിന് ശേഷം പതിവ് പോലെ മണ്ഡലത്തിൽ സജീവമാകാനാണ് തീരുമാനം.
സന്ദീപ് വാചസ്പതി
ബി.ജെ.പി സൗത്ത് ജില്ലാ അദ്ധ്യക്ഷനായ സന്ദീപ് വാചസ്പതി തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സംഘടനാപരമായ കാര്യങ്ങളിൽ തിരക്കിലാണ്. തിരഞ്ഞെടുപ്പ് ദിവസം ആക്രമണത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന കായംകുളം എൻ.ഡി.എ സ്ഥാനാർത്ഥി തമ്പി മേട്ടുതറയെ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പോകേണ്ടതായിട്ടുണ്ട്. ഇതിനിടയിൽ കുടുംബത്തോടൊപ്പം രണ്ടുദിവസത്തെ യാത്രയും പദ്ധതിയിട്ടുണ്ട്. സമയം ലഭിച്ചാൽ ആയുർവേദ ചികിത്സയും നടത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |