SignIn
Kerala Kaumudi Online
Thursday, 23 April 2026 10.29 AM IST

ബോട്ടുകൾക്ക് ഭീഷണിയായി മുഹമ്മ - കുമരകം ജലയാത്ര

Increase Font Size Decrease Font Size Print Page

ആലപ്പുഴ : പ്രതികൂല കാലാവസ്ഥയിൽ വേമ്പനാട്ട് കായലിലെ മുഹമ്മ - കുമരകം ജലപാതയിൽ യാത്രാബോട്ടുകളിലെ സഞ്ചാരം വെല്ലുവിളിയാകുന്നു. ചൊവ്വാഴ്ച്ച സന്ധ്യാസമയത്തുണ്ടായ അപ്രതീക്ഷിത കാറ്റിലും മഴയിലും ആടിയുലഞ്ഞ ബോട്ടിനെ പിടിച്ചുകെട്ടാനായത് ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലമാണ്.

രണ്ട് കുട്ടികളുൾപ്പടെ മുഴുവൻ സീറ്റിലും യാത്രക്കാരുമായി കുമരകത്ത് നിന്ന് പുറപ്പെട്ട ബോട്ട് പാതിവഴിയിലെത്തിയപ്പോഴാണ് ശക്തിയായി കാറ്റ് വീശിയത്. ഇതോടെ തിരയും ശക്തമായി. ബോട്ടിനുള്ളിലേക്ക് വെള്ളം അടിച്ചു കയറിയതോടെ യാത്രക്കാർ ആശങ്കയിലായി. ഇതിനിടെ, വൈദ്യുതി നിലച്ച് മുഹമ്മ സ്റ്റേഷനിലെ സിഗ്നൽ ലൈറ്റ് അണയുകയും ചെയ്തതോടെ ദിശ കണ്ടുപിടിക്കാനാകാതെ ജീവനക്കാരും യാത്രക്കാരും ബുദ്ധിമുട്ടി.

ആടിയുലഞ്ഞ ബോട്ട് തീരത്തോടടുപ്പിച്ച് ഡ്രൈവർ കയറുമായി കായലിൽ ചാടി നീന്തി തെങ്ങിൻ കുറ്റിയിലേക്ക് ബോട്ട് വലിച്ച് കെട്ടിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. മഴക്കാലം ആരംഭിച്ചാൽ ജീവൻ പണയംവച്ചാണ് ബോട്ട് യാത്ര ചെയ്യുന്നതെന്ന് പതിവ് യാത്രക്കാരായ സ്ത്രീകൾ പറഞ്ഞു. വൈദ്യുതി നിലച്ചാലുടൻ സിഗ്നൽ ലൈറ്റ് മിഴിയടയ്ക്കും. ദിശ കാണിക്കാനുള്ള സോളാർ ബോയകളൊന്നും റൂട്ടിലില്ല. പ്രവർത്തനരഹിതമായ ബോയകൾ മുഹമ്മ സ്റ്റേഷനോട് ചേർത്ത് കെട്ടിയിട്ടിരിക്കുകയാണ്. ദിശ അറിയാതെ രാത്രികാലങ്ങളിൽ ബോട്ടുകൾ തണ്ണീർമുക്കം ബണ്ടിന്റെയും പാതിരാമണൽ ദ്വീപിന്റെയും ഭാഗത്തേക്ക് വഴി തെറ്റി സഞ്ചരിക്കുന്നതും പതിവാണ്.

അപകടങ്ങൾ പതിവാകുമ്പോഴും രക്ഷാകേന്ദ്രമായി ഒരു എമർജൻസി ബോട്ട് ജെട്ടി വേണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ ബോട്ടിന് നങ്കൂരമിടാനായി ജലമാർഗമദ്ധ്യേ രക്ഷാകേന്ദ്രമാണ് ആവശ്യം. സംസ്ഥാനത്തെ നടുക്കിയ, 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ട് ദുരന്തം ഇതേ പാതയിലാണ് നടന്നത്. നിലവിൽ രണ്ട് ബോട്ടുകളാണ് മുക്കാൽ മണിക്കൂർ ഇടവേളയിൽ സർവീസ് നടത്തുന്നത്.

സോളാർ സിഗ്നൽ ലൈറ്റുകൾ വേണം

 വൈദ്യുതി നിലച്ചാലും അണയാത്ത സോളാർ സിഗ്നൽ ലൈറ്റുകൾ ഇരുകരകളിലും വേണം

 പഴക്കം ചെന്നതും അടിവശമുൾപ്പുടെ ദ്രവിച്ചതുമായ ബോട്ടുകൾക്ക് പകരം പുതിയവ വേണം

 ഒരു ബോട്ട് കേടായാൽ പകരം സർവീസ് നടത്താൻ സ്പെയർ ബോട്ട് അനുവദിക്കണം

 സോളാൽ സിഗ്നൽ ബോയകൾ മുഹമ്മ - കുമരകം ജലപാതയിൽ പുനഃസ്ഥാപിക്കണം

 മുഹമ്മ ബോട്ട് ജെട്ടിയുടെ ഭാഗങ്ങൾ ഇടിഞ്ഞതിനാൽ ബോട്ടിലേക്ക് വാഹനം കയറ്റാൻ ബുദ്ധിമുട്ടാണ്

മുഹമ്മ - കുമരകം റൂട്ട്

9.6 കിലോമീറ്റർ

കുമരകത്ത് നിന്ന് കരമാർഗ്ഗം മുഹമ്മയിലെത്താൻ 20 കിലോമീറ്ററിലേറെ സഞ്ചരിക്കണമെന്നതി​നാൽ കൂടുതൽ പേരും എളുപ്പത്തി​ലെത്താൻ ബോട്ടി​നെ ആശ്രയി​ക്കും.

ദിശ അറിയുന്നതിനുള്ള ബോയകൾ സ്ഥാപിക്കേണ്ടത് തുറമുഖവകുപ്പാണ്. ദേശീയ ജലപാത ഒഴികെയുള്ള ഭാഗത്തെങ്കിലും ഒരു ടെർമിനൽ സ്ഥാപിച്ചാൽ രക്ഷാകേന്ദ്രമാകും

- മുഹമ്മ ബോട്ട് സ്റ്റേഷൻ മാസ്റ്റർ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.