SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.38 AM IST

നഗരത്തിൽ എ.ബി.സി സെന്റർ പ്രവർത്തനം ഉടൻ തുടങ്ങും

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സീവ്യൂ വാർഡിൽ ആരംഭിക്കുന്ന എ.ബി.സി സെന്ററിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴ നഗരസഭ, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, മണ്ണഞ്ചേരി, മുഹമ്മ, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനായാണ് ജില്ലാ പഞ്ചായത്തും നഗരസഭയും ചേർന്ന് നഗരത്തിൽ എ.ബി.സി സെന്റർ ആരംഭികുന്നത്.

ഡോക്ടറുടെ നിയമനം കൂടി പൂർത്തിയായ ശേഷം കേന്ദ്ര മൃഗസംരക്ഷണ ബോർഡിൽ നിന്ന് പ്രവർത്തനാനുമതി വാങ്ങേണ്ടതുണ്ട്. അപേക്ഷ സമർപ്പിച്ച് അനുകൂല ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് കാലാതാമസമില്ലാതെ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡോക്ടറുടെ തസ്തികയിൽ താൽക്കാലിക നിയമനമാണ് നടത്തുക. തസ്കികയിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11.30ന് മുല്ലയ്ക്കലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. ഒരു ഡോക്ടർ, ഒരു ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്, നാല് ഹെൽപ്പർമാർ, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് സെന്ററിന്റെ സ്റ്റാഫ് പാറ്റേൺ.

ഡോക്ടറൊഴികെ മറ്റെല്ലാ തസ്തികകളുടെയും ലിസ്റ്റ് തയാറാണ്.

ഡോക്ടറുടെ ഇന്റർവ്യൂ നാളെ

 തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും നഗരത്തിലെ എ.ബി.സി സെന്റർ പ്രവർത്തനം ആരംഭിക്കാത്തത് വിമർശനത്തിനിടയാക്കിയിരുന്നു

 ഈ പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. വന്ധ്യംകരണ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളടക്കം എല്ലാം കേന്ദ്രത്തിൽ സജ്ജമാണ്

 നായ്ക്കളെ പാർപ്പിക്കാൻ 60ഓളം കൂടുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രാഥമികാവശ്യങ്ങൾക്കുള്ള ക്രമീകരണങ്ങളും ഒരുക്കി

 മൃഗാശുപത്രിയെയും എ.ബി.സി സെന്ററിനെയും വേർതിരിക്കുന്നതിന് മതിൽ കെട്ടും. ഇതിന് തുക അനുവദിച്ചിട്ടുണ്ട്.

ഡോക്ടറുടെ നിയമനം പൂർത്തിയായാലുടൻ പ്രവർത്തനാനുമതി തേടി കേന്ദ്ര മൃഗസംരക്ഷണ ബോർഡിന് അപേക്ഷ സമർപ്പിക്കും. ഉത്തരവ് ലഭിക്കുന്നതോടെ എ.ബി.സി സെന്റർ പ്രവർത്തനം ആരംഭിക്കാനാകും

- ഡോ.സുൾഫിക്കർ, ഡെപ്യുട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL