അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ എൽ.എച്ച് 1, എൽ.എച്ച് 3, എം.എച്ച് 3 എന്നീ ഹോസ്റ്റലുകളുടെ നവീകരണത്തിനായി ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ ഭരണാനുമതി. പി.ടി.എ നൽകിയ നിവേദനത്തെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയതെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു. ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനികൾ താമസിയ്ക്കുന്ന ഹോസ്റ്റൽ കഴിഞ്ഞ ആറുമാസമായി അടച്ചിട്ടിരിക്കുകയാണ്. കോൺക്രീറ്റ്പാളികൾ അടർന്നുവീഴുന്നതുമൂലം അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയാണ് ഹോസ്റ്റൽ അടച്ചത്. ഒന്നാംവർഷ ആൺകുട്ടികളുടെ ഹോസ്റ്റലിലും മൂന്നാംനമ്പർ ലേഡീസ് ഹോസ്റ്റലിലും കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് പി.ടി.എ വിഷയത്തിൽ ഇടപെട്ട് ഫണ്ട് അനുവദിപ്പിച്ചത്. നിലവിലുള്ള കോൺക്രീറ്റ് പ്രദലങ്ങൾ ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കുന്നതിനും ബാത്ത്റൂമുകളുടെ അറ്റകുറ്റപ്പണികൾക്കുമാണ് ഫണ്ട് അനുവദിച്ചത്. നിർമ്മാണപ്രവർത്തികൾ ജൂൺ മാസത്തോടുകൂടി ആരംഭിയ്ക്കുമെന്ന് പി.റ്റി.എ വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
