SignIn
Kerala Kaumudi Online
Thursday, 21 May 2026 2.40 AM IST

കൊടുംവരൾച്ച,വേനൽമഴ : കൃഷിനാശം 4.98കോടി

ആലപ്പുഴ : ഈ സീസണിലുണ്ടായ കടുത്ത വരൾച്ചയിലും വേനൽമഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലും ജില്ലയിൽ കാർഷിക മേഖലയ്ക്കുണ്ടായത് 4.98കോടിയുടെ നഷ്ടം. നെൽകൃഷിക്കാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഓരുവെള്ളം കയറിയും കൊടുംവരൾച്ചയിൽ വരണ്ടുണങ്ങിയും നെല്ല് പതിരായി മാറി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ബ്ളോക്കുതലത്തിലെ കണക്കുകൾ ശേഖരിച്ച് ദുരന്തനിവാരണ അതോറിട്ടിക്കും വിള ഇൻഷ്വറൻസ് ആനുകൂല്യത്തിനായി എയിംസ് പോർട്ടലിലും സമർപ്പിച്ചെങ്കിലും നഷ്ടപരിഹാരം എന്നു ലഭ്യമാകുമെന്ന കാര്യത്തിൽ നിശ്ചയമില്ല. ജില്ലയിൽ പച്ചക്കറി,​ വെറ്റില കൃഷിക്കും കരകൃഷികൾക്കും പേരുകേട്ട കിഴക്കൻ മേഖലയിൽ കാട്ടുപന്നി ശല്യം കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച് കൃഷി നാലിലൊന്നായി കുറഞ്ഞിരിക്കെയാണ് വരൾച്ചയും വേനൽ മഴയും വൻ നാശനഷ്ടത്തിനിടയാക്കിയത്.

ജില്ലയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെട്ട പരമ്പരാഗത കാർഷികമേഖലയായ ചാരുംമൂട്ടിലാണ് കരകൃഷികൾക്ക് ഏറ്രവുമധികം നഷ്ടം റിപ്പോർട്ടായത്. 411.58 ഹെക്ടറിലായി 374 കർഷകർക്ക് 81.74 ലക്ഷം രൂപയുടെ കൃഷിയാണ് ഇവിടെ നശിച്ചത്. വേനൽ സീസണിൽ മുൻകാലങ്ങളിൽ കനാൽ തുറന്നുവിടുന്നത് കിഴക്കൻ പ്രദേശങ്ങളായ വെൺമണി,​ വെട്ടിയാർ,​ താമരക്കുളം,​ ചാരുംമൂട്,​ നൂറനാട് ,​ വള്ളികുന്നം മേഖലകളിൽ കൃഷിയ്ക്ക് പ്രയോജനപ്രദമായിരുന്നെങ്കിൽ പമ്പ ഇറിഗേഷൻ ഡാമിന്റെ ഷട്ടറുകൾ അറ്റകുറ്രപ്പണി നടക്കുന്നതിനാൽ ഇത്തവണ തുറക്കാതിരുന്നത് നെല്ലും കരകൃഷികളുമുൾപ്പെടെ കരിഞ്ഞുണങ്ങാൻ കാരണമായി. പാണാവള്ളി ബ്ളോക്കിലാണ് ഏറ്രവും കുറഞ്ഞ കൃഷി നാശം.

കൂടുതൽ നഷ്ടം നെൽകർഷകർക്ക്

 ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് നെൽകർഷകർക്കാണെന്നാണ് കണക്കുകൾ

 243 ഹെക്ടറിലെ നെൽകൃഷി നശിച്ചു. 271കർഷകർക്കായി 3.64കോടിയുടെ നഷ്ടമുണ്ടായി

 178കർഷകരുടെ 11590 വാഴകൾ മഴയിലും കാറ്റിലും വരൾച്ചയിലും നശിച്ചു (നഷ്ടം 67ലക്ഷം)

 1.209 ഹെക്ടറിലായി 27കർഷകരുടെ പച്ചക്കറി കൃഷി നശിച്ചു (നഷ്ടം 54,​000രൂപ)

കൃഷിനാശം ഇങ്ങനെ

(ബ്ളോക്ക് ,​ ഭൂവിസ്തൃതി (ഹെക്ടറിൽ),​ നഷ്ടം (ലക്ഷത്തിൽ )​ എന്ന ക്രമത്തിൽ )​

ആലപ്പുഴ............6.50..................43.50

അമ്പലപ്പുഴ........1.44..................2.64

ചമ്പക്കുളം..........0.10................1.50

ചാരുംമൂട്...........411.58............81.47.

ചെങ്ങന്നൂർ.........0.62..............2.98

കായംകുളം...........100...............150

മാവേലിക്കര.....107.52............161.82

പാണാവള്ളി...........0.20..............0.25

രാമങ്കരി................36..................54

കൃഷിനാശം

663.96 ഹെക്ടറിൽ

നഷ്ടമുണ്ടായ കർഷകർ

810

വിളനഷ്ടത്തിന്റെ കണക്കുകൾ സർക്കാരിന് കൈമാറിയിട്ടുണ്ട്. നഷ്ടപരിഹാരം സർക്കാരാണ് നൽകേണ്ടത്

- പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL