
അമ്പലപ്പുഴ : ഹാർബറുണ്ട്. വലിയ വള്ളങ്ങൾ കയറ്റാനാകില്ല. കോടികൾ മുടക്കി നിർമ്മിച്ച തോട്ടപ്പള്ളി ഹാർബറിന്റെ നിലവിലെ അവസ്ഥയാണിത്. അശാസ്ത്രീയ നിർമ്മാണം മൂലം മണൽ ഹാർബറിൽ അടിഞ്ഞുകൂടുന്നതിനാലാണ് വലിയവള്ളങ്ങൾക്ക് അകത്ത് പ്രവേശിക്കാൻ സാധിക്കാത്തത് .
മത്സ്യവുമായെത്തി 500 മീറ്റർ അകലെ കടലിൽ നങ്കൂരമിട്ട് ഫൈബർ വള്ളങ്ങളിൽ മത്സ്യം പകർത്തി ഹാർബറിൽ എത്തിക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. ഇത് ഇരട്ടിനഷ്ടമാണ് തൊഴിലാളികൾക്കുണ്ടാക്കുന്നത്. പതിനായിരം മത്സ്യത്തൊഴിലാളികൾക്കും പതിനായിരക്കണക്കിന് അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ സാദ്ധ്യതയും പ്രദേശമാകെ വികസന സാദ്ധ്യതയും ഉണ്ടായിട്ടും കഴിഞ്ഞ 1 വർഷമായി കടുത്ത അവഗണയിൽ വീർപ്പുമുട്ടുകയാണ് തോട്ടപ്പള്ളി ഹാർബർ.
ക ടൽക്ഷോഭ സമയത്ത് ഇൻബോർഡ് വള്ളങ്ങൾ കൊച്ചിയിലും ,കൊല്ലത്തും വലിയഴീക്കലുമാണ് അടുപ്പിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികൾക്ക് ഏറെ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. 1987 ൽ ഫിഷ് ലാൻഡ് സെന്ററായാണ് തോട്ടപ്പള്ളിയിൽ പ്രവർത്തനം തുടങ്ങിയത്. 2010ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് 14 കോടി രുപ ചെലവഴിച്ചു തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഹാർബർ നിർമാണത്തിലെ അപാകത മത്സ്യ തൊഴിലാളികൾ ചൂണ്ടിക്കാട്ടിയിരുന്നു.
മണ്ണടിയുന്നത് തിരിച്ചടി
നിലവിലുള്ള പുലിമുട്ടിന്റെ നീളം വർദ്ധിപ്പിച്ചാൽ മണ്ണടിയുന്നത് തടയാനും വള്ളങ്ങൾക്ക് ഹാർബറിൽ പ്രവേശിക്കാനുമാകും
300ഓളം മത്സ്യബന്ധന യാനങ്ങളിൽ നിന്നുള്ള മത്സ്യക്കുട്ടകൾ ഇറക്കിവയ്ക്കാവുന്ന ലേല ഹാൾ ഹാർബറിലുണ്ട്. സ്ഥലസൗകര്യവും കെട്ടിടവുമുണ്ട്
ചാകര സീസണായാൽ വിവിധയിടങ്ങളിൽ നിന്ന് നൂറുകണക്കിനു ചെറിയ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിലെത്തുന്നത്
വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവാകുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം
ഹാർബറിന്റെ നിർമ്മാണ ചെലവ്
₹14കോടി
ബോട്ടുകൾക്കും ഇൻ ബോർഡ് വള്ളങ്ങൾക്കും ഹാർബറിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ വലിയ വരുമാന നഷ്ടമാണ് തൊഴിലാളികൾക്കും സർക്കാരിനും ഉണ്ടാകുന്നത്. തെക്ക്, വടക്ക് പുലിമുട്ടുകൾ നീട്ടിയാൽ മണ്ണടിയുന്ന അവസ്ഥ മാറ്റാനാകും
- രാജൻ തോട്ടപ്പള്ളി, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |