SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

നെഹ്റുട്രോഫിക്ക് ഒരുക്കം തുടങ്ങി, തുഴയെറിയാനില്ല യു.ബി.സി

ആലപ്പുഴ: തീയതി പ്രഖ്യാപിച്ചതോടെ 72-ാമത് നെഹ്രുട്രോഫി ജലമേളയുടെ ഒരുക്കങ്ങൾ തകൃതിയായി. ഭൂരിഭാഗം ക്ലബ്ബുകളും ടീം അംഗങ്ങളെ തിരഞ്ഞെടുത്തുകഴിഞ്ഞു. നെഹ്രുട്രോഫിയ്ക്ക് മുന്നോടിയായുള്ള ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ പരിശീലനത്തിലാണ് ഇപ്പോൾ ക്ലബ്ബുകൾ. ജൂലായ് ആദ്യവാരത്തോടെ നെഹ്റു ട്രോഫിക്കായി ടീമുകളുടെ പരിശീലനം ആരംഭിക്കും.

എന്നാൽ ജലമേളയുടെ ചെലവുകൾ വരുത്തിവയ്ക്കുന്ന കനത്ത സാമ്പത്തിക ബാദ്ധ്യത ക്ലബ്ബുകൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രമുഖ ക്ലബ്ബുകൾ ഇത്തവണ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിലാണ്. തുഴച്ചിൽക്കാരുടെ ചെലവ്, ഓഡിറ്റോറിയം, ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണം, കൂലി, ഓഡിറ്റോറിയത്തിന്റെ വാടക, സ്പീഡ് ബോട്ട് അങ്ങനെ നീളുന്നതാണ് ചെലവ്. ക്ലബ്ബുകൾക്ക് ഒന്നരക്കോടി വരെയാണ് നെഹ്റുട്രോഫിക്ക് ചെലവ് വരുന്നത്. ക്യാപ്റ്റന്മാർ സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുക്കുന്ന അവസ്ഥവരെ കഴിഞ്ഞ വള്ളംകളി സീസണിൽ ഉണ്ടായിരുന്നു. ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയിലാണ് പലരും.

രാവിലെ ആറുമണി മുതലാണ് പരിശീലനം ആരംഭിക്കുന്നത്. ഇത് 10.30 വരെ തുടങ്ങും. ശേഷം നാലുമണിക്ക് വീണ്ടും പരിശീലനം നടക്കും. 120ഓളം പേർ ടീമിലുണ്ടാകും.

ജലമേളയിലെ ഏറ്റവും കരുത്തുറ്റ ക്ലബ്ബായ യു.ബി.സി കൈനകരി ഇത്തവണ തുഴയെറിയാനില്ലെന്നത് വള്ളംകളി പ്രേമികൾക്ക് വലിയ നിരാശ സൃഷ്ടിക്കും. തുടർച്ചയായിട്ടുണ്ടായ അപ്രതീക്ഷിതമായ പരാജയവും സാമ്പത്തിക ബാദ്ധ്യതകളുമാണ് ക്ലബ്ബിനെ ഇത്തവണ ജലമേളയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ടെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. 2014ൽ ആണ് ചമ്പക്കുളം ചുണ്ടനിൽ ക്ലബ്ബ് അവസാനമായി നെഹ്റുട്രോഫി നേടിയത്. രണ്ടുതവണ ഹാട്രിക്ക് നേടിയ ക്ലബ്ബ് 12 തവണയാണ് നെഹ്റുട്രോഫി നേടിയത്. അടുത്ത നെഹ്റുട്രോഫിക്ക് പൂ‌ർവാധികം ശക്തിയോടെ തിരിച്ചെത്താനാണ് ഇത്തവണ വിട്ടുനിൽക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

യു.ബി.സി കപ്പ് നേടിയ മത്സരങ്ങൾ

(വർഷം, ചുണ്ടൻ ചുവടെ)

1963- കൈനകരി

1964- സെന്റ് ജോർജ്

1965- പാർത്ഥസാരഥി

1968- പാർത്ഥസാരഥി

1070- കല്ലൂപ്പറമ്പൻ

1976- കാരിച്ചാൽ

1979- ആയാപറമ്പ് വലിയ ദിവാൻജി

1989-ചമ്പക്കപുളം

1990- ചമ്പക്കുളം

1991- ചമ്പക്കുളം

1993-കല്ലൂപ്പറമ്പൻ

2014- ചമ്പക്കുളം

നെഹ്റുട്രോഫിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ടീമിനെ തിരഞ്ഞെടുത്തുകഴിഞ്ഞു. മൂലംവള്ളംകളിയുടെ പരിശീലനമാണ് നടക്കുന്നത്. ഇതിനുശേഷം ഉടൻ തന്നെ നെഹ്റുട്രോഫിക്കായുള്ള പരിശീലനം ആരംഭിക്കും.

- അഭിലാഷ് അശോകൻ

വർക്കിംഗ് പ്രസിഡന്റ്

പി.ബി.സി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL