ആലപ്പുഴ: കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ 476.55 കോടി രൂപ കർഷകർക്ക് കിട്ടാനിരിക്കെ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചത് 104.79 കോടി രൂപ. ആലപ്പുഴ ജില്ലയിൽ മാത്രം കർഷകർക്ക് ലഭിക്കാനുള്ളത് 62.20 കോടി രൂപയാണ്. രണ്ടാം കൃഷിയുടെ വളപ്രയോഗത്തിനും പുഞ്ചകൃഷിയുടെ പമ്പിംഗ് ലേലത്തിനും സമയമായിട്ടും കഴിഞ്ഞസീസണിലെ നെല്ലിന്റെ വില കിട്ടാക്കടമായി തുടരുന്നതിനാൽ കർഷകർക്ക് ഇക്കുറി കണ്ണീരോണമാകും. കഴിഞ്ഞ സീസണിലെ കൃഷിയ്ക്ക് വാങ്ങിയതുൾപ്പെടെ കടം തലയ്ക്ക് മീതെ പെരുകിയിരിക്കെ ഈ സീസണിലെ കൃഷിയും വളപ്രയോഗവും എങ്ങനെ പൂർത്തിയാക്കുമെന്നറിയാത്ത സ്ഥിതിയിലാണ് കർഷകർ.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നെൽവില യഥാസമയം ലഭ്യമാകാത്തതിനെതിരെ കർഷകർക്കൊപ്പം പ്രതിഷേധത്തിനിറങ്ങിയ യു.ഡി.എഫ് അധികാരത്തിലെത്തി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തത് നെൽകർഷകരെ നിരാശരാക്കിയിട്ടുണ്ട്. സപ്ളൈകോയുടെ കണക്ക് പ്രകാരം കഴിഞ്ഞ സീസണിലെ പുഞ്ചകൃഷിയിൽ 1,87,829 കർഷകരിൽ നിന്ന് 5.83 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. വിലയായി 1280.66 കോടി രൂപ മാത്രമാണ് വിതരണം ചെയ്യാൻ സപ്ളൈകോയ്ക്കും സർക്കാരിനുമായത്.
രണ്ടാം കൃഷിയുടെ ചെലവുകൾക്ക് പുറമേ ആഴ്ചകൾക്കകം ഓണം കൂടി വരാനിരിക്കെ നിത്യനിദാന ചെലവുകൾക്കുപോലും പണമില്ലാതെ ദുരിതത്തിലാണ് കർഷകർ. കൂലിച്ചെലവും രാസവളങ്ങളുടെയും കീടനാശിനിയുടെയും വില വർദ്ധനയും കാരണം കൃഷി മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. ഉൽപ്പാദന ചെലവ് താരതമ്യേന കുറവായ തമിഴ്നാട്ടിൽപോലും നെല്ലിന് കിലോഗ്രാമിന് 35 രൂപയാണെന്നിരിക്കെ, കേരളത്തിൽ കിലോയ്ക്ക് 30 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
റിവോൾവിംഗ് ഫണ്ട്
വാഗ്ദാനത്തിലൊതുങ്ങി
1.സപ്ളൈകോ നെല്ല് സംഭരിച്ചതിന്റെ കണക്ക് യഥാസമയം കൈമാറാതിരുന്നതിനാൽ കേന്ദ്രത്തിൽ നിന്ന് സപ്ളൈകോയ്ക്ക് ഫണ്ട് കൈമാറുന്നതിലുണ്ടായ കാലതാമസവും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് നെൽവില വിതരണം താറുമാറാക്കിയത്
2.ഇത്തരം കാലതാമസം ഒഴിവാക്കാൻ റിവോൾവിംഗ് ഫണ്ടിന് രൂപം നൽകുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നെങ്കിലും വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ യാതൊരു നിർദേശവുമുണ്ടാകാത്തത് കർഷകരെ നിരാശരാക്കി.
നെൽവില വിതരണം
(2025-26 പുഞ്ച സീസൺ)
ആകെ സംഭരിച്ച നെല്ല്: 5.83 ലക്ഷം
കർഷകർ: 1,87,829
കൊടുത്തത്: 1280.66 കോടി
കുടിശിക: 476.55 കോടി
കഴിഞ്ഞ സീസണിലെ നെല്ലിന്റെ പണം ലഭ്യമാക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. വളത്തിനും കീടനാശിനി പ്രയോഗത്തിനും പണമില്ലാതെ കർഷകർ ദുരിതത്തിലാണ്.ഓണം കൂടി എത്തിനിരിക്കെ സാമ്പത്തിക പ്രതിസന്ധി കർഷകരെ ദുരിതത്തിലാക്കും.
-സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |