SignIn
Kerala Kaumudi Online
Thursday, 13 August 2026 2.45 AM IST

മഴക്കെടുതിയിലെ കൃഷിനാശം, നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനാകാതെ കർഷകർ

ആലപ്പുഴ : പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കേണ്ട എയിംസ് (അഗ്രികൾച്ചർ മാനേജ് മെന്റ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം) പോർട്ടൽ തകരാറിൽ. കനത്ത കൃഷിനാശമുണ്ടായിട്ടും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പോലും സമർപ്പിക്കാൻ കഴിയാത്തത് കർഷകർക്ക് കനത്ത ആഘാതമായി മാറി. പോർട്ടൽ തകരാറിലാണെന്നറിയാതെ രജിസ്ട്രേഷനുവേണ്ടി കൃഷിഭവനുകളിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിലും മണിക്കൂറുകളോളമാണ് കർഷകർ ചെലവഴിച്ചത്.

പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനും സംസ്ഥാനത്തിന്റെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികൾക്കുമായി എയിംസ് പോർട്ടൽ വഴി മുമ്പ് അപേക്ഷിച്ച പല കർഷകർക്കും ഇതുവരെ യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ 2018ലെ പ്രളയത്തിന് സമാനമായ കൃഷിനഷ്ടമാണ് ഉണ്ടായത്. കൃഷി വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ നിന്നുള്ള കണക്ക് പ്രകാരം 2,077.44ഹെക്ടറിലായി 29.32 കോടിയുടെ കൃഷിനാശമാണ് ജില്ലയിൽ കണക്കാക്കിയിരിക്കുന്നത്.

ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്തതുൾപ്പെടെ കുലച്ചതും കുലയ്ക്കാത്തതുമായ അരലക്ഷത്തിലധികം വാഴകളാണ് ശക്തമായ മഴയിലും വെള്ളക്കെട്ടിലും നിലംപൊത്തിയത്. നെൽകൃഷി മേഖലയായ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലുംകനത്ത നഷ്ടമുണ്ടായി. ചെന്നിത്തല, തൃപ്പെരുന്തുറ, പുളിങ്കുന്ന്, മുട്ടാർ, കാവാലം, കുന്നുമ്മ, കരുവാറ്റ, രാമങ്കരി, കരുവാറ്റ, തകഴി മേഖലകളിലാണ് ഹെക്ടർ കണക്കിന് നിലത്തെ നെൽകൃഷി നശിച്ചത്.

നിലവിലെ അപേക്ഷാ സമയപരിധി രണ്ടാഴ്ച നീട്ടുകയും പോർട്ടൽ പൂർണ്ണമായി പ്രവർത്തനക്ഷമമാകുംവരെ കൃഷിഭവനുകൾ മുഖേന അപേക്ഷ സ്വീകരിക്കുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.

ജില്ലയിൽ കൃഷിനാശം

₹ 29.32 കോടി

പോർട്ടൽ തകരാറിൽ

1. എയിംസ് 1.0 പോർട്ടൽ 2.0 ആയി സോഫ്റ്റ് വെയർ പരിഷ്കാരം വരുത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച മുതൽ തകരാറിലായത്

2. സാങ്കേതിക തകരാറാണ് പോർട്ടൽ പ്രവർത്തിക്കാത്തതിന് കാരണമെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം.

3. കാലവർഷവും പ്രളയവും കാരണം കുട്ടനാട്ടിലുൾപ്പെടെ വലിയ കൃഷിനാശത്തിന് കർഷകർ ഇരയായിരുന്നു

4. മഴക്കെടുതികൾ കുറഞ്ഞതിന് പിന്നാലെ ഇൻഷ്വറൻസിനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് ഇവർക്ക് തിരിച്ചടിയാണ്

കർഷകർക്ക് വിളയും കൃഷിച്ചെലവും നഷ്ടപ്പെട്ടു. വർഷങ്ങളായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടും പലർക്കും ആനുകൂല്യം ലഭിച്ചിട്ടില്ല. ഇപ്പോൾ സാങ്കേതിക തകരാറിന്റെ പേരിൽ പുതിയ അപേക്ഷകൾ പോലും സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം അംഗീകരിക്കാനാവില്ല

-സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL