അമ്പലപ്പുഴ: ഒമ്പതാമത് കരുമാടി ജലോത്സവം ഞായറാഴ്ച നടക്കും. കരുമാടിക്കുട്ടൻസിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ തെക്ക്, തകഴി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപമാണ് ജലോത്സവം നടക്കുന്നത്. നിരണം ബോട്ട് ക്ലബിന്റെ ആയാപറമ്പ് വലിയ ദിവാൻ, ചമ്പക്കുളം ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ, ആനാരി ബോട്ട് ക്ലബിന്റെ ആനാരി, ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ വെള്ളം കുളങ്ങര എന്നീ ചുണ്ടൻ വള്ളങ്ങളും വെപ്പ് എ.ഗ്രേഡിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി ബി.ഗ്രേഡിൽ 4 വള്ളങ്ങളും തെക്കനോടി വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ഫൈബർ ചുണ്ടൻ വിഭാഗത്തിൽ 2 വള്ളങ്ങളും ജലോത്സവത്തിൽ മാറ്റുരയ്ക്കുമെന്ന് ജലോത്സവ സമിതി ചെയർപേഴ്സൺ കൂടിയായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ജലോത്സവ സമിതി കൺവീനർ സി.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഗീത, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം, പഞ്ചായത്തംഗങ്ങളായ കരുമാടി മുരളി ,ബിന്ദു, ,കരുമാടിക്കുട്ടൻസ് പ്രസിഡന്റ് പ്രദീപ് കുമാർ.പി, സെക്രട്ടറി ഷാജി കരുമാടി എന്നിവർ പറഞ്ഞു.
ഉദ്ഘാടനം മന്ത്രി
പി.സി വിഷ്ണുനാഥ്
ഞായറാഴ്ച ഉച്ചക്ക് 2 ന് സാംസ്കാരിക ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും. ജി.സുധാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും മാസ്ഡ്രിൽ സ്വീകരണവും മന്ത്രി എം.ലിജു നിർവഹിക്കും. റെജി ചെറിയാൻ എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്യും. അമ്പലപ്പുഴ സി.ഐ എം.പ്രതീഷ് കുമാർ, കെ.ടി.ബി.സി ആൻഡ് പുണ്യാളൻ നിരണം ക്യാപ്റ്റൻ റെനി ഫിലിപ്പോസ്, ജലോത്സവ അവതരണ ഗാനരചയിതാവ് അജയൻ കൊല്ലവന എന്നിവരെ ആദരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് സമ്മാനദാനം നിർവഹിക്കും. കെ.കവിത അധ്യക്ഷത വഹിക്കും.കെ.എസ്.ബി.ആർ.എ സംസ്ഥാന പ്രസിഡന്റ് ആർ.കെ.കുറുപ്പ് മുഖ്യാതിഥിയാകും. തുടർന്ന് വഞ്ചിപ്പാട്ട് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |