ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ സുരക്ഷയ്ക്കായി 22 ഡി.വൈ.എസ്.എസ്.പിമാർ, 50 ഇൻസ്പെക്ടർമാർ, 400 എസ്.ഐമാർ എന്നിവരുൾപ്പടെ 1700-ൽപ്പരം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പുന്നമടയും പരിസരപ്രദേശങ്ങളും 16 മേഖലകളായി തിരിച്ചാണ് സുരക്ഷയും ട്രാഫിക് നിയന്ത്രണവുമൊരുക്കുക. പുന്നമടക്കായലിൽ 50 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം വിന്യസിക്കും.
നഗരവും, പുന്നമട ഭാഗവും പൂർണമായും സി.സി.ടിവി ക്യാമറ നിരീക്ഷണത്തിലായിരിക്കും. ഷാഡോ പൊലീസിന്റെ വേനവുമുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നെഹ്റുട്രോഫി വള്ളംകളിയുടെ നിയമാവലികൾ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴച്ചിൽക്കാരെയും കണ്ടെത്തുന്നതിന് വീഡിയോ ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. കായലിൽ ചാടി മത്സരം തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കി നിയമനടപടി സ്വീകരിക്കും. പാസ്സുള്ളവരെ മാത്രം പരി ശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയിന്റിലെ പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിക്കും.
കായലിലേക്ക് കുപ്പി എറിയരുത്
അനൗൺസ്മെന്റ്, പരസ്യബോട്ടുകൾ നാളെ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കരുത്. മൈക്ക് സെറ്റുകൾ പ്രവർത്തിപ്പിക്കരുത്. രാവിലെ 10-നുശേഷം ഡി.ടി.പി.സി. ജെട്ടിമുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ഔദ്യോഗിക ബോട്ടുകളല്ലാതെ മറ്റൊരു ബോട്ടും സർവീസ് നടത്താൻ പാടില്ല. വളളംകളി കാണാൻ ബോട്ടിലെത്തുന്നവർ രാവിലെ 10-ന് മുമ്പ് എത്തണം. വള്ളം കളി കാണാൻ ഗാലറികളിൽ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നിൽക്കുന്നവരും കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിഞ്ഞാൾ അറസ്റ്റുചെയ്യും. മദ്യക്കുപ്പികൾ കൊണ്ട് നടക്കുന്നവർക്കെതിരെയും പരസ്യ മദ്യപാനം നടത്തുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |