ഉദ്ഘാടനം മുഖ്യമന്ത്രി
ആലപ്പുഴ : ട്രാക്കൊരുങ്ങി. ജലരാജാക്കൻമാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. 22 ചുണ്ടനുകൾ ഉൾപ്പെടെ 71വള്ളങ്ങൾ മാറ്റുരയ്ക്കുന്ന നെഹ്റുട്രോഫി വള്ളംകളി നാളെ നടക്കും. മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടടർ ഷാജി.വി.നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി.സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുക്കും. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാകും ആദ്യം . ഉദ്ഘാടന സമ്മേളനത്തിനുശേഷം മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രിൽ അരങ്ങേറും. തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സിൽ നാലുവീതവും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്നുവീതവും വള്ളങ്ങൾ മത്സരിക്കും.
വാർത്തസമ്മേളനത്തിൽ ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്, എ.ഡി.എം സി.പ്രേംജി, ആർ.ഡി.ഒ ജെ. മോബി, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പി.എസ്. വിനോദ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.
മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം
ചുണ്ടൻ - 22
ചുരുളൻ-2
ഇരുട്ടുകുത്തി എ ഗ്രേഡ്-3
ഇരുട്ടുകുത്തി ബി ഗ്രേഡ്-16
ഇരുട്ടുകുത്തി സി ഗ്രേഡ്-14
വെപ്പ് എ ഗ്രേഡ്-4
വെപ്പ് ബി ഗ്രേഡ്-4
തെക്കനോടി തറ-1
തെക്കനോടി കെട്ട്-4
നാളെ ജില്ലയിൽ പ്രാദേശിക അവധി
നെഹ്‌റു ട്രോഫി ജലോത്സവം പ്രമാണിച്ച് നാളെ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഷാജി.വി.നായർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.
ടിക്കറ്റ് വിൽപ്പന ഉഷാർ
മുൻവർഷത്തെ അപേക്ഷിച്ച് ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുതീർന്നത്. 25,000, 3000രൂപയുടെ ഉൾപ്പെടെയുള്ള പല ടിക്കറ്റുകളുടെയും വിൽപ്പന നിറുത്തിവെച്ചു. ഒരുലക്ഷം രൂപയുടെ കോർപ്പറേറ്റ് ബോക്സ് ടിക്കറ്റ് വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. സ്പീഡ് ബോട്ട് അടക്കമുള്ള ജലയാനങ്ങളുടെ സഞ്ചാരത്തിനും ഡ്രോണുകളുടെ ഉപയോഗത്തിനും കർശന നിയന്ത്രണമുണ്ട്. ഡ്രോൺ നിയമപ്രകാരം മത്സരദിവസം രണ്ട് കിലോമീറ്റർ ചുറ്റളവ് താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു. അനുമതിയില്ലാത്ത ഡ്രോണുകൾ പറത്തിയാൽ കർശന നടപടി സ്വീകരിക്കും. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് ചരിത്രത്തിലാദ്യമായി വള്ളംകളി നടത്തുന്നത്. ഇരിപ്പിടങ്ങളടക്കം തിരിച്ചറിയാൻ പ്രത്യേക കളർ കോഡും ഏർപ്പെടുത്തി. നാല് ബോട്ട് ജെട്ടികളിൽനിന്ന് ആളുകളെ കൊണ്ടുപോകുന്നതിന് യാത്രാബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജപാസുകളുമായി എത്തുന്നവരെ തടയാൻ ക്യു.ആർ കോഡ് പതിച്ച ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
ഇത്തവണത്തെ പ്രത്യേകതകൾ
ബോണസും മെയിന്റനൻസ് ഗ്രാന്റും 25 ശതമാനം വർദ്ധിപ്പിച്ചു
ഒന്നാം സ്ഥാനത്തിന്റെ സമ്മാനത്തുക 2 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷമാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |