SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

പുന്നമട പോരാട്ടം

നെഹ്റുട്രോഫി ജലമേള ഇന്ന്

ആലപ്പുഴ : ഓളപ്പരപ്പിൽ ആവേശത്തിന്റെ പെരുമഴ പെയ്യിച്ച് 72-ാമത് നെഹ്റുട്രോഫി ജലമേള ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. 22 ചുണ്ടനുകളടക്കം 71കളിവള്ളങ്ങളാണ് ഇത്തവണ പോരടിക്കുക. ആഴ്ചകൾ നീണ്ട പരിശീലനത്തിലൂടെ ആവോളം ശക്തി സമാഹരിച്ചാണ് ഓരോ ബോട്ട് ക്ളബും പുന്നമടയിലേക്കെത്തുന്നത്.

ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി.സതീശൻ ജലമേളയുടെ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര ടൂറിസംമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം.ലിജു, പി.സി.വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.പി.മാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുക്കും.

രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് ജലമേളയുടെ തുടക്കം. ഉദ്ഘാടനസമ്മേളനത്തിനുശേഷമാണ് ആനന്ദം നിറയ്ക്കുന്ന കാഴ്ചയായ വള്ളങ്ങളുടെ മാസ് ഡ്രിൽ അരങ്ങേറുക. മാസ് ഡ്രില്ലിനുശേഷം വള്ളങ്ങൾ സ്റ്റാർട്ടിംഗ് പോയിന്റിലെത്തുന്നതോടെ ചുണ്ടനുകളുടെ ഹീറ്റ് മത്സരങ്ങൾക്ക് തുടക്കമാകും. ആറ് ഹീറ്റ്സുകളാണുണ്ടാവുക. ആദ്യ നാല് ഹീറ്റ്സുകളിൽ നാലു വള്ളങ്ങൾ വീതവും അഞ്ച്, ആറ് ഹീറ്റ്സുകളിൽ മൂന്ന് വള്ളങ്ങളും മത്സരിക്കും. മിക്ക ഹീറ്റ്സുകളിലും ശക്തരായ ബോട്ട് ബ്ളബുകാർ തമ്മിൽ പോരടിക്കുന്നതിനാൽ മത്സരം തീപാറുമെന്നുറപ്പ്.

ചുരുളൻ-2, ഇരുട്ടുകുത്തി എ ഗ്രേഡ്-3, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-5, വെപ്പ് ബി ഗ്രേഡ്‌4, തെക്കനോടി തറ-1, തെക്കനോടി കെട്ട്‌-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ നടക്കും. ഇതിനു ശേഷമാകും കാണികളുടെയും കരക്കാരുടെയും നെഞ്ചിടിപ്പിപ്പ് കൂട്ടുന്ന ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ. നെഹ്റുവിന്റെ കൈയൊപ്പുള്ള വെള്ളിക്കപ്പ് ഇത്തവണ ആര് സ്വന്തമാക്കുമെന്നറിയാൻ ഇനി മണിക്കൂറുകളുടെ അകലം മാത്രം.

റെഡ്സോൺ

സ്പീഡ് ബോട്ട് അടക്കമുള്ള ജലയാനങ്ങളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും ഇന്ന് പുന്നമടയിൽ കർശനനിയന്ത്രണമുണ്ടാകും ഡ്രോൺ നിയമപ്രകാരം മത്സരദിവസം രണ്ട് കിലോമീറ്റർ ചുറ്റളവിൽ താത്ക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഡ്രോണുകൾ പറത്തിയാൽ കർശനനടപടി സ്വീകരിക്കും.

ഉച്ചമുതൽ കെ.എസ്.ആർ.ടി.സി
സ്റ്റാൻഡിലേക്ക് ബസില്ല

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചമുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽ എത്തില്ല. ജില്ലാക്കോടതിപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് നിയന്ത്രണം.

എറണാകുളം ഭാഗത്തുനിന്നുള്ള ബസുകൾ

ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷൻ- കിഴക്കോട്ട്- മട്ടാഞ്ചേരി പാലം-വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കും. തുടർന്ന് വൈ.എം.സി.എ ജംഗ്ഷൻ- ജനറൽ ആശുപത്രി വഴി തെക്കുഭാഗത്തേക്ക് പോകും

കൊല്ലം ഭാഗത്തുനിന്നുള്ള ബസുകൾ

ജനറൽ ആശുപത്രി ജംഗ്ഷൻ- വൈ.എം.സി.എ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കും. തുടർന്ന് ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകും.

ആലപ്പുഴ–ചങ്ങനാശേരി ബസുകൾ

കൈതവന ജംഗ്ഷൻ - പഴവീട് - കൊട്ടാരം ജംഗ്ഷനിലെത്തി യാത്രക്കാരെ ഇറക്കും. തുടർന്ന് ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ- ചങ്ങനാശേരി ജംഗ്ഷൻ വഴി തിരികെ പോകും.

ഫീഡർ ബസ് സർവീസ്

ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് ബോട്ട് ജെട്ടി ഭാഗത്തേക്ക് നിശ്ചിത ഇടവേളകളിൽ കെ.എസ്.ആർ.ടി.സി ഫീഡർ ബസുകൾ സർവീസ് നടത്തും.

ഒരുക്കങ്ങൾ വിലയിരുത്തി

വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ കെ.സി.വേണുഗോപാൽ എം.പി വിലയിരുത്തി. ഇന്നലെ വൈകിട്ടോടെ പുന്നമട ഫിനിഷിംഗ് പോയിന്റിലും നെഹ്‌റു പവലിയനിലും എത്തിയ എം.പി വള്ളസമിതികളെയും ക്ലബുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ആലോചനായോഗത്തിലും പങ്കെടുത്തു. സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങൾ പരിശോധിച്ചു. സമ്മാനത്തുകയിലും ബോണസിലും വൻ വർദ്ധന വരുത്തിയത് മൂലം ഇക്കുറി വള്ളംകളി പ്രേമികളും ക്ലബുകളുമൊക്കെ വലിയ ആവേശത്തിലാണെന്ന് എം.പി പറഞ്ഞു. കളക്ടർ ഷാജി വി. നായർ, മുൻ എം.എൽ.എ എ.എ. ഷുക്കൂർ, ആർ.ഡി.ഒ ജെ.മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുമായ പി.എസ്.വിനോദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL