SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.09 AM IST

കാലവർഷത്തെ പ്രതിരോധിക്കാൻ ആലപ്പുഴയ്ക്ക് പ്രത്യേക പാക്കേജ്: മന്ത്രി

ആലപ്പുഴ: കാലവർഷകെടുതി ഉൾപ്പടെയുള്ള ദുരന്തസാഹചര്യങ്ങൾ കാര്യക്ഷമമായി പ്രതിരോധിക്കാൻ ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പ്രളയസാഹചര്യം ഒഴിവാക്കാൻ ജലാശയങ്ങളിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം സാദ്ധ്യമാക്കും. ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, സർവേലാൻഡ് റെക്കോർഡ്‌സ് വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, ജില്ലാ കലക്ടർ ഷാജി വി. നായർ, എ.ഡി.എം സി. പ്രേംജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

100 ദിനകർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതിപട്ടികവർഗ തീരദേശമത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ അർഹരായ മുഴുവനാളുകൾക്കും പട്ടയം വിതരണം ചെയ്യും. ജില്ലയിൽ നിന്ന് ലഭിച്ച 419 പട്ടയ അപേക്ഷകളും പരിഗണിക്കും. റവന്യൂ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാകണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഡിജിറ്റൽ സർവേ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് കൂടുതൽ സർവേയർമാരെ താത്കാലികമായി നിയമിക്കും. നിലവിൽ 16 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായി. 14 ഇടങ്ങളിൽ തുടരുന്നു. തരംമാറ്റാനുള്ള അപേക്ഷകൾ അതിവേഗം തീർപ്പാക്കും. 38 സ്മാർട്ട് വില്ലജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയായി. 14 ഇടങ്ങളിൽ നിർമ്മാണം തുടരുന്നു. വീയപുരം, ചുനക്കര, മാന്നാർ എന്നിവിടങ്ങളിലെ സ്മാർട്ട് വില്ലജ് ഓഫീസുകളുടെ ഉദ്ഘാടനം, 6700 തരംമാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ, 26 പട്ടയ വിതരണം, അനധികൃത കൈയേറ്റവുമായി ബന്ധപ്പെട്ട 60 കേസുകൾ, ഭൂനികുതിയിലൂടെ നാലുകോടി രൂപയുടെ സമാഹരണം എന്നിവ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.

ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ

ജില്ലയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 99.9 ശതമാനം ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. അരൂർ-തുറവൂർ ഉയരപാത, തുറവൂർ-പറവൂർ-കൊറ്റുകുളങ്ങര-ഓച്ചിറ മേഖലകളിലെ നിർമ്മാണം വേഗത്തിലാക്കൽ എന്നിവയ്ക്ക് നടപടി സ്വീകരിക്കും. തീരദേശ പാത, വികസന ജംഗ്ഷൻ-സൗത്ത് ചെല്ലാനം, ചെങ്ങന്നൂർ ബൈപാസ് എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം 939 ഭവനനാശ കേസുകൾക്ക് ധനസഹായം നൽകി. ഈ വർഷം 406 അപേക്ഷകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL