ചേർത്തല: ചേർത്തല നഗരത്തിൽ ദേശസാൽകൃത ബാങ്കിന്റെ വ്യാജരേഖകൾ ഉണ്ടാക്കി കോടികൾ തട്ടിയ സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം. രണ്ടുകോടിയോളം രൂപ തട്ടിയെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ചേർത്തല പൊലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച വരെ മൂന്നു സ്ത്രീകളാണ് പരാതി നൽകിയത്. ഇവരിൽ നിന്ന് 26 ലക്ഷമാണ് തട്ടിയെടുത്തത്.
ബാങ്കിന്റെ കോടതികവലക്ക് സമീപമുള്ള ശാഖയിൽ കരാർ ഏജൻസിക്ക് നിയോഗിച്ച ശുചീകരണ തൊഴിലാളിയായ യുവതിക്കെതിരെയാണ് പരാതികൾ. ഇവർ ബാങ്കിന്റെ ജീവനക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ പേരിൽ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ഇതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ ഒപ്പും സീലും രസീതും സ്ഥിര നിക്ഷേപരേഖകളും വ്യാജമായി തയ്യാറാക്കി നൽകിയിരുന്നു. ബാങ്കിന്റെ രേഖകളോടു സാമ്യംതോന്നുന്ന രേഖകളാണ് വ്യാജമായി തയ്യാറാക്കി ഇടപാടുകാർക്കു നൽകിയത്. ആരോപണ വിധേയയായ യുവതി ഓഗസ്റ്റ് 12 മുതൽ ബാങ്കിൽ വന്നിരുന്നില്ല. ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ 21 ന് ഇവരെ മാറ്റി പകരം ആളെ തരാൻ ബാങ്ക് ഏജൻസിക്കു നിർദ്ദേശം നൽകിയിരുന്നു. ചേർത്തല വാരനാട് സ്വദേശിനിയായ യുവതി ഒളിവിലാണ്.
ബാങ്ക് മാനേജരുടെ
മൊഴിയെടുത്തു
ബാങ്കിന്റെപേരിൽ വ്യാജരേഖകൾ ചമച്ചതായ പരാതിയിൽ പൊലീസ് ശാഖാ മാനേജരുടെ മൊഴിയെടുത്തു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയിലും ഘട്ടംഘട്ടമായി ഒരോരുത്തരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കും. സാമ്പത്തിക തട്ടിപ്പിനും വ്യാജരേഖ തയ്യാറാക്കിയതിനുമായിരിക്കും പ്രാഥമികകേസ്. പണം നഷ്ടപ്പെട്ട പലരും യുവതിയോട് അടുപ്പമുള്ളവരും ബന്ധുക്കളുമാണെന്നാണ് വിവരം. വാരനാട്, കടക്കരപ്പള്ളി എന്നിവിടങ്ങളിലുള്ളവരാണ് പരാതിയുമായി എത്തിയിട്ടുള്ളവരിൽ ഭൂരിപക്ഷവും. പണം നൽകിയിരുന്നവർക്ക് സംശയംതോന്നാതിരിക്കാൻ കൃത്യമായി ബാങ്കിന്റെ വ്യാജരേഖകൾ നൽകിയിരുന്നു. അടുത്തിടെ നിക്ഷേപം തിരികെ കിട്ടാൻ ബാങ്കിനെ സമീപിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |