
വൈപ്പിൻ: ചരിത്രപരമായ ഓർമ്മകളുമായി വീണ്ടും ചെറായി ദേവസ്വം നടയിൽ ചുമടുതാങ്ങിയൊരുങ്ങി. ജംഗ്ഷന്റെ വടക്കു ഭാഗത്ത് പഞ്ചായത്ത് കിണറിന് മുന്നിലാണ് ചുമടുതാങ്ങി ഇന്നലെ പുന:സ്ഥാപിച്ചത്.
വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കാന നിർമ്മിക്കുന്നതിനായി താഴ്ത്തിയപ്പോൾ മണ്ണിനടിയിൽ നിന്ന് അത്താണി പുറത്തെടുത്തു. പുറത്തെടുത്ത അത്താണി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
ചെറായിയുടെ ചരിത്രസ്മാരകങ്ങളിൽ ഒന്നായ അത്താണി ഉപേക്ഷിക്കുന്നതിനു പകരം ജനശ്രദ്ധ ആകർഷിക്കുന്ന വിധം ദേവസ്വം നടയിൽ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
കരിങ്കല്ലിന്റെ ചുമടുതാങ്ങികൾ
വാഹനഗതാഗതം ഇല്ലാതിരുന്നകാലത്ത് ദീർഘനേരം ചരക്കുകൾ തലച്ചുമടായി കൊണ്ടുപോകുന്നവർക്ക് ഇടക്ക് ചുമട് ഇറക്കി വിശ്രമിക്കാനായി പാതയോരങ്ങളിൽ സ്ഥാപിച്ചിരുന്നതാണ് കരിങ്കല്ലിന്റെ ചുമടുതാങ്ങികൾ അഥവാ അത്താണി. ഇത്തരത്തിൽ ഒന്ന് ചെറായി ദേവസ്വം നട ജംഗ്ഷനിൽ പടിഞ്ഞാറുഭാഗത്തായി രാജഭരണകാലത്ത് ഉദ്ദേശം 200 വർഷം മുമ്പ് സ്ഥാപിച്ചിരുന്നു. 6 അടി പൊക്കത്തിലായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്.
വാഹന സൗകര്യങ്ങൾ വന്നതോടെ അത്താണിയുടെ പ്രാധാന്യം കുറഞ്ഞു. കാലാകാലങ്ങളിൽ റോഡ് ഉയർത്തിയതോടെ ചുമടുതാങ്ങി പൂർണമായും റോഡിനടിയിലായി. ചുമടുതാങ്ങിയെ എല്ലാവരും മറന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |