ആലുവ: ജില്ലയിൽ ട്വന്റി 20ക്ക് അമിത പ്രാധാന്യം നൽകിയതിൽ എൻ.ഡി.എയിലും ബി.ജെ.പിയിലും അതൃപ്തി. ജില്ലയിലെ14 സീറ്റിൽ ഒമ്പതിലും ട്വന്റി 20യാണ് മത്സരിക്കുന്നത്. അവശേഷിക്കുന്നതിൽ മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് ബി.ഡി.ജെ.എസും ജനവിധി തേടുന്നു. ഇവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.
ആലുവ, എറണാകുളം, കോതമംഗലം മണ്ഡലങ്ങളിലാണ് ബി.ജെ.പി പോരിനിറങ്ങുന്നത്. ബി.ഡി.ജെ.എസ് പറവൂരിലും കളമശേരിയിലും. ജില്ലക്ക് പുറത്ത് 10 സീറ്റുകൾ കൂടി ട്വന്റി 20യ്ക്കുണ്ട്. തൃക്കരിപ്പൂർ, ഇരിക്കൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, തൊടുപുഴ, ഏറ്റുമാനൂർ, റാന്നി, പത്തനാപുരം, പുനലൂർ, കോവളം എന്നിവയാണ് ട്വിന്റി 20ക്ക് വിട്ടുനൽകിയിട്ടുള്ളത്. 2021ൽ ട്വന്റി 20 ജില്ലയിൽ എട്ട് സീറ്റുകളിലാണ് മത്സരിച്ചത്.
മത്സരിക്കുന്ന മൂന്നിടത്തെ സ്ഥാനാർത്ഥികളെ പോലും പ്രഖ്യാപിക്കാത്തതിൽ ബി.ജെ.പി പ്രാദേശിക നേതാക്കളും പ്രവർത്തകരും അതൃപ്തിയിലാണ്.
ബി.ജെ.പി മുനിസിപ്പാലിറ്റി ഭരിക്കുന്ന തൃപ്പൂണിത്തുറയിൽ പാർട്ടി സ്ഥാനാർത്ഥി ഇല്ലാതായതിൽ പ്രതിഷേധം നീറിപ്പുകയുന്നുണ്ട്. എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ഏതാനും പ്രവർത്തകർ മാത്രമാണ് എത്തിയത്. നടി അഞ്ജലി നായരാണ് ട്വന്റി 20 സ്ഥാനാർത്ഥി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |