
തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ' ജൂബിലി ഡിജിറ്റൽ ഡീറ്റോക്സ് ചലഞ്ച് ' സംഘടിപ്പിച്ചു. മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും നിയന്ത്രിതമായി ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണം ലക്ഷ്യമിട്ട് നടത്തിയ ചലഞ്ചിന്റെ ഉദ്ഘാടനം തൊടുപുഴ ഡിവൈ.എസ്.പി ബൈജു പി.എം നിർവഹിച്ചു. അസി.മാനേജർ ഫാ.ആൽബർട്ട് പീച്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോസ് പൊതൂർ, മുനിസിപ്പൽ കൗൺസിലർ ആർ.ഹരി, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ മൊബൈൽ, ടി.വി. ഉപയോഗസമയം, പഠനസമയം, വായന, കായിക പ്രവർത്തനങ്ങൾ, കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം തുടങ്ങിയവ മാതാപിതാക്കൾ രേഖപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഓരോ വിദ്യാർത്ഥിയുടെയും ദിനചര്യയും പഠന പുരോഗതിയും വിലയിരുത്തി അവരുടെ നിലവാരം തിരിച്ചറിയാൻ സാധിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക ശ്രദ്ധയും മാർഗനിർദേശവും ആവശ്യമായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ കൗൺസിലിംഗ്, പഠനസഹായം, രക്ഷാകർത്തൃ പിന്തുണ എന്നിവ ഉറപ്പാക്കുന്നതിനുള്ള സംവിധാനവും സ്‌കൂൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, പഠന നിലവാരം, കുടുംബബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂബിലി വർഷത്തിൽ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |