കൊച്ചി: ഐക്യ കേരളം പിറന്ന് ഏഴ് പതിറ്റാണ്ട് പൂർത്തിയായിട്ടും സെഞ്ച്വറി കടക്കാതെ കേരള നിയമസഭയിലെ വനിതാ പ്രാതിനിധ്യം. 1957 മുതൽ 2021വരെ 50 വനിതകൾ 99 തവണ എം.എൽ.എമാരായതാണ് ആകെയുണ്ടായ സ്ത്രീസാന്നിദ്ധ്യം. അതിൽ നിന്ന് 11 പേർ മാത്രമാണ് മന്ത്രിമാരായത്. ഏറ്റവും കൂടുതൽ തവണ എം.എൽ.എയും ഒന്നിലേറെ മന്ത്രിയുമായതിന്റെ റെക്കാഡ് കെ.ആർ. ഗൗരിഅമ്മയ്ക്ക് സ്വന്തം.
പത്തു വട്ടം കേരള നിയമസഭയിലും രണ്ട് തവണ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു. ഇടതുപക്ഷത്തിനൊപ്പം എട്ടു തവണയും യു.ഡി.എഫ് ചേരിയിൽ രണ്ടു തവണയും നിയമസഭാംഗമായ ഗൗരിഅമ്മ നാലു തവണ ഇടതുപക്ഷത്തും രണ്ടു തവണ യു.ഡി.എഫിലും മന്ത്രിയായി. കേരള കോൺഗ്രസും മുസ്ലിം ലീഗും നാളിതു വരെ ഒരു വനിതയെ പോലും സഭയിൽ എത്തിച്ചിട്ടില്ല.
1970-77ലെ അഞ്ചാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരു വനിത പോലും മത്സരിച്ചില്ല. 1967ലും 77ലും ഒരോന്നു വീതമായിരുന്നു സഭയിലെ വനിതാ പ്രാതിനിധ്യം. പട്ടം താണുപിള്ള (1960), ആർ. ശങ്കർ (1962), സി. അച്യുതമേനോൻ (1970-77), കെ. കരുണാകരൻ (77-80) മന്ത്രിസഭകളിൽ വനിതാ മന്ത്രിമാരുണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ വനിതകളെ എം.എൽ.എമാരാക്കിയതും ഒരു മന്ത്രിസഭയിൽ ഒന്നിലേറെ വനിതകളെ ഉൾപ്പെടുത്തിയതും എൽ.ഡി.എഫാണ്. ഒന്നും രണ്ടും പിണറായി സർക്കാരുകളാണ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം രണ്ടും മൂന്നുമായി ഉയർത്തിയത്.
കൂടുതൽ തവണ
എം.എൽ.എയായവർ
1. കെ.ആർ.ഗൗരിഅമ്മ....... (10)
2. ഭാർഗവി തങ്കപ്പൻ............. (5)
3. കെ.കെ. ശൈലജ............ (4)
മൂന്നാം ഊഴം
കിട്ടിയവർ
ലീല ദാമോദര മേനോൻ,കെ.ആർ. സരസ്വതി, റോസമ്മ ചാക്കോ, ജെ. മേഴ്സിക്കൂട്ടി, ശോഭന ജോർജ്, ഇ.എസ്. ബിജിമോൾ, ഐഷാ പോറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |