മൂവാറ്റുപുഴ: നൂറുകണക്കിന് ആളുകൾ നിത്യേന എത്തുന്ന മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം കാടുമൂടിയ അവസ്ഥയിൽ. കാട് വെട്ടിത്തെളിക്കുകയോ മാലിന്യം നീക്കുകയോ ചെയ്യാത്തതിനാൽ സിവിൽ സ്റ്റേഷൻ പരിസരത്ത് ഇഴ ജന്തുക്കളെത്തുന്നതും പതിവാണ്. ഏക ശൗചാലയമാകട്ടെ അഴുക്കും ദുർഗന്ധവും മൂലം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിലേക്കെത്തുന്ന പൊതുജനങ്ങളും ജീവനക്കാരും ആശ്രയിക്കുന്ന ശൗചാലയം ഉപയോഗശൂന്യമായിട്ട് നാളുകളേറെയായി. കെട്ടിടത്തിന് ചുറ്റും ആൾപ്പൊക്കത്തിൽ കാടുവളർന്ന് നിൽക്കുന്നത് ഭീതിയുണർത്തും.
പലപ്പോഴും ഇഴജന്തുക്കളെ കാണാറുണ്ടെന്ന് സ്ഥലത്തെത്തുന്നവർ പരാതിപ്പെടുന്നു. ശൗചാലയത്തിലേക്കുള്ള വഴിയും കാടുമൂടി. സ്ത്രീകളുൾപ്പെടെയുള്ളവർ ഭയത്തോടെയാണ് ഇവിടേയ്ക്ക് പോകുന്നത്. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് പലപ്പോഴും സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ ഏറെ നേരം ചിലവഴിക്കേണ്ടി വരും. അത്തരക്കാരാണ് ഏറെ ദുരിതത്തിലാകുന്നത്.
മിനി സിവിൽ സ്റ്റേഷനിലുള്ളത് 30 ലേറെ സർക്കാർ ഓഫീസുകൾ. ആർ.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ്, ആർ.ടി ഓഫീസ്, രണ്ട് ട്രഷറികൾ, ജി.എസ്.ടി ഓഫീസ് എന്നിങ്ങനെ ദിവസവും ആളുകൾക്ക് എത്തേണ്ട ഓഫീസുകളും ഇവിടെയുണ്ട്.
മുൻപും മിനി സിവിൽ സ്റ്റേഷന് സമാനമായ അവസ്ഥയുണ്ടായിരുന്നു. നിരവധി പരാതികൾക്കൊടുവിൽ ശൗചാലയവും പരിസരവും കുറെയൊക്കെ വൃത്തിയാക്കി. പക്ഷേ, വീണ്ടും മാലിന്യം തള്ളിയും വൃത്തികേടാക്കിയും മൂവാറ്റുപുഴയിലെ ഏറ്റവും വലിയ സർക്കാർ മന്ദിരം നശിപ്പിക്കുന്നു. മാലിന്യ സംസ്‌കരണത്തിനോ പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിനോ സുസ്ഥിര സംവിധാനങ്ങളില്ല.
നഗരസഭയോ സിവിൽ സ്റ്റേഷൻ അധികൃതരോ അടിയന്തരമായി ഇടപെട്ട് ശൗചാലയവും പരിസരവും ശുചീകരിക്കുകയാണ് പോംവഴി. പൊതുജനങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിൽ പരിപാലിക്കാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം നിവേദനം നല്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |