SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.40 AM IST

കൊച്ചിയിൽ ഉടമയെ കത്തിമുനയിൽ നിറുത്തി ജ്യൂസ് കടയിൽ അക്രമികളുടെ അഴിഞ്ഞാട്ടം

padam-1
അറസ്റ്റിലായ പ്രതികൾ

padam-2
അറസ്റ്റിലായ പ്രതികൾ

* ബോംബേറ് കേസ് പ്രതിയടക്കം അറസ്റ്റിൽ

കൊച്ചി: നഗരമദ്ധ്യത്തിൽ ജ്യൂസ് കടഉടമയെ കത്തിമുനയിൽ നിറുത്തി സാധനസാമഗ്രികൾ തകർത്ത രണ്ടംഗസംഘത്തെ അറസ്റ്റുചെയ്തു. വളഞ്ഞമ്പലത്ത് പ്രവർത്തിക്കുന്ന ജ്യൂസ് കടയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു യുവാക്കളുടെ അഴിഞ്ഞാട്ടം. സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ

സക്കറിയബസാർ ഉമപറമ്പിൽവീട്ടിൽ സച്ചിൻ (28), ആറാട്ടുവഴി ആലുപുറമ്പിൽ വീട്ടിൽ എ.എൽ. ബിച്ചു (26) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. ഒന്നാംപ്രതി സച്ചിൻ ബോംബേറ് കേസിൽ ഒന്നരവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മയക്കുമരുന്ന് കേസുകളടക്കം പതിനൊന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

എറണാകുളം സ്വദേശിയായ 27കാരന്റേതാണ് ജ്യൂസ് കട. വൈകിട്ട് തിരക്കുള്ള സമയത്താണ് സച്ചിനും ബിച്ചുവും കടയിലെത്തിയത്. മുമ്പ് പലതവണ കടയിൽ വന്നിട്ടുള്ളതിനാൽ ഉടമയ്ക്ക് ഇവരെ പരിചയമുണ്ടായിരുന്നു. ജ്യൂസ് കുടിക്കാനെന്ന വ്യാജേന ടേബിളിൽ ഇരുന്ന പ്രതികൾ പെട്ടെന്ന് കത്തിയെടുത്ത് മേശയിൽ കുത്തുകയായിരുന്നു. തുടർന്ന് സച്ചിൻ കടയിലുണ്ടായിരുന്ന ഉടമയുടെ സുഹൃത്തിനെ കത്തിമുനയിൽ നിറുത്തി ഭീഷണിപ്പെടുത്തി. പിന്നാലെ കടഉടമയ്ക്ക് നേരെ തിരിഞ്ഞ പ്രതികൾ മാർബിൾകേക്ക് സൂക്ഷിച്ചിരുന്ന ഭരണികളടക്കം എറിഞ്ഞുടയ്ക്കുകയും മേശയും കസേരകളും തകർക്കുകയും ചെയ്തു.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ഉടമ പറഞ്ഞു. അരമണിക്കൂറോളം കടയിൽ അഴിഞ്ഞാടിയശേഷം പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.ജ്യൂസ് കടയിൽ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് പ്രതികൾ പരിസരത്തെ മറ്റൊരുകടയിൽ കത്തികാട്ടി പണംതട്ടാൻ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സൗത്ത് ഭാഗത്ത് എത്തിയപ്പോഴാണ് ജ്യൂസ് കട തകർത്ത വിവരം പൊലീസ് അറിയുന്നത്. ഉടമ പരാതി നൽകാൻ തയ്യാറെടുക്കുന്നതിനിടെ പൊലീസെത്തി കേസെടുത്തു.

സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് നിന്നുതന്നെ പ്രതികളെ പിടികൂടി. സച്ചിനെതിരെ കാപ്പ ചുമത്താൻ ആലപ്പുഴ പൊലീസ് നടപടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇയാൾ തട്ടകം കൊച്ചിയിലേക്ക് മാറ്റിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL