കൊച്ചി: മരക്കൊമ്പ് മുറിക്കുന്നതിനിടെ 50 അടിഉയരത്തിൽ കുടുങ്ങിപ്പോയ മരംമുറി തൊഴിലാളിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാണ് താഴേക്ക് ഇറങ്ങാനാകാതെ തൊഴിലാളി മുകളിൽ കുടുങ്ങിയത്.
കടവന്ത്ര സുഭാഷ് ചന്ദ്രബോസ് റോഡിന് സമീപം എളംകുളം ജവഹർനഗറിൽ ഇന്നലെ രാവിലെ 9നായിരുന്നു സംഭവം. പാതയോരത്ത് അപകടഭീഷണിയായ മരച്ചില്ലകൾ മുറിക്കാൻ കൊച്ചി കോർപ്പറേഷൻ കരാർ കൊടുത്ത കോൺട്രാക്ടറുടെ തൊഴിലാളി വയനാട് സ്വദേശി ബൈജുവാണ് (42) വാകമരത്തിന് മുകളിൽ കുടുങ്ങിക്കിടന്നത്.
ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ട ബൈജു കൈവശം ഉണ്ടായിരുന്ന കയർ കൊണ്ട് ദേഹം മരത്തിൽ കെട്ടി സുരക്ഷിതമാക്കി.
താഴെ നിലയുറപ്പിച്ച കോർപ്പറേഷൻ സോണൽ ഓഫീസ് ജീവനക്കാരും തൊഴിലാളികളും മുകളിൽ നടന്നത് അറിഞ്ഞില്ല. മരത്തിന് തൊട്ടടുത്ത് ഏതാണ്ട് 50 അടി ഉയരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന് മുകളിൽ ഉണ്ടായിരുന്ന തൊഴിലാളികളോട് ബൈജു വിവരം പറഞ്ഞു. തൊഴിലാളികളാണ് താഴെയിറങ്ങി കോർപ്പറേഷൻ ജീവനക്കാരെ അറിയിച്ചത്.
ഗാന്ധിനഗർ ഫയർസ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ അജയ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പി.സി. സുർജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സേനയുടെ കൈവശമുണ്ടായിരുന്ന 35 അടി ഏണി ബൈജു ഇരിക്കുന്ന ഉയരത്തിൽ എത്തുമായിരുന്നില്ല. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് ബൈജു ഇരിക്കുന്ന മരച്ചില്ലയിലേക്ക് മറ്റൊരു ഏണി ചായ്ച്ച് വച്ച് സേനാംഗങ്ങൾ മരക്കൊമ്പിലേക്ക് എത്തിച്ചേർന്നു. തുടർന്ന് കപ്പിയും കയറും ഉപയോഗിച്ച് സുരക്ഷിതമായി താഴേക്ക് കെട്ടി ഇറക്കി. ഏത് അപായസാദ്ധ്യതയും നേരിടാൻ പാകത്തിന് താഴെ വല വിരിച്ചിരുന്നു.
ഫയർഫോഴ്സിന്റെ ആംബുലൻസിലാണ് കടവന്ത്ര സഹകരണ ആശുപത്രിയിൽ എത്തിച്ചത്. 50 മിനിറ്റ് എടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. പ്രഥമശുശ്രൂഷയ്ക്കും നിരീക്ഷണത്തിനും ശേഷം ഉച്ചയോടെ ആശുപത്രി വിട്ടു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വി.ടി. രാജേഷ്, ഉദ്യോഗസ്ഥരായ ഷെമീർ, അനീഷ്, വി.ആർ. ജിനു, കെവിൻ ആന്റണി, എം. വിനീത് തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |