
പെരുമ്പാവൂർ: പാഠപുസ്തകങ്ങളിൽ വായിച്ചു പഠിക്കുന്ന രസതന്ത്ര ശാസ്ത്രസത്യങ്ങൾ സ്വന്തം കൈകൾ കൊണ്ട് ചെയ്ത് ബോദ്ധ്യപ്പെടാൻ താത്പര്യമുള്ള കുട്ടികൾക്ക് കടന്നു ചെല്ലാം കോടനാട് ആനക്കളരിയ്ക്കു സമീപം ശ്രീനിലയത്തിൽ ശ്രീനിയുടെ ഔട്ട് ഹൗസിൽ. 2019 മുതൽ ഒരു കൊച്ചു രസതന്ത്ര പഠന പരീക്ഷണ ശാലയാണിത്. കെമിസ്ട്രിയും ഫിസിക്‌സും ഇലക്ട്രോണിക്‌സും കമ്പ്യൂട്ടറുമെല്ലാം ഇദ്ദേഹത്തിന്റെ പരീക്ഷണശാലയിലെ പഠനഗവേഷണ വിഷയങ്ങളാണ്.
ഏഴാം ക്ലാസ് മുതൽ കോളേജ് തലത്തിൽ വരെ പഠിയ്ക്കുന്ന കുട്ടികൾക്ക് പൂർണമായും സൗജന്യമായി രസതന്ത്രവിജ്ഞാനം തന്റെ പരീക്ഷണശാലയിലൂടെ പരമ്പരാഗത രീതിയിൽ പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ നൂറ്റിയമ്പതിലേറെ രാസവസ്തുക്കൾ ശ്രീനി കരുതിവച്ചിട്ടുണ്ട്. തന്റെ ശാസ്ത്രബോധത്തെ മക്കളായ ആദിത്യനും അദിതിക്കും പകർന്നു നൽകാനായി കൊവിഡ് കാലത്ത് മനസിലുദിച്ച ആശയമാണ് ഈ കൊച്ചു പരീക്ഷണശാല. വീട്ടിലിരുന്നുള്ള ഓൺലൈൻ പഠനക്കാലത്ത് മക്കൾക്കത് ഏറെ പ്രയോജനപ്രദമായിരുന്നു.
1987ൽ കോടനാട് മാർ ഔഗേൻ ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാണ് ശാസ്ത്രവിഷയങ്ങളോടുള്ള കമ്പം. ഇത് മനസ്സിലാക്കിയ അദ്ധ്യാപകർ സ്‌കൂൾ ലബോറട്ടറിയുടെ താക്കോൽ തന്നെ ശ്രീനിക്ക് സ്വതന്ത്രമായി നൽകിയിരുന്നു. സ്‌കൂളിനെ പ്രതിനിധാനം ചെയ്ത് നിരവധി ഗണിതശാസ്ത്ര പ്രദർശനമേളകളിൽ പങ്കെടുത്തിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയ ശേഷം പിന്നീട് കമ്പ്യൂട്ടർ അനുബന്ധ ജോലികളാണ് ചെയ്യുന്നത്. പെരുമ്പാവൂരിൽ സ്വന്തമായി ഒരു സ്ഥാപനമുണ്ട് ഈ അമ്പത്തിനാലുകാരന്.
കേരളാ ശാസ്ത്ര, സാഹിത്യ പരിഷത്തിന്റെ കോടനാട് യൂണിറ്റുമായി ചേർന്നു പ്രവർത്തിക്കുന്ന ശ്രീനി, ശാസ്ത്ര, സാഹിത്യ, കലാവിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു യു-ട്യൂബ് ചാനൽ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണിപ്പോൾ. സ്വന്തമായി നിർമ്മിച്ച ടെലസ്കോപ്പിലൂടെ വാനനിരീക്ഷണത്തിന് സൗജന്യമായി അവസരമൊരുക്കി മുമ്പും മാദ്ധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. പെരുമ്പാവൂരിൽ ടാക്സ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രസീതയാണ് ഭാര്യ.
കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമോ ഗ്രൂപ്പുകളായോ മുൻകൂട്ടി അറിയിച്ച് ശ്രീനിയുടെ വീട്ടിലെത്തിയാൽ രാസപരീക്ഷണങ്ങൾ നടത്തി പാഠ്യവിഷയത്തിലെ സംശയദൂരീകരണം സൗജന്യമായി നടത്തിക്കൊടുക്കാൻ ഇദ്ദേഹം തയ്യാറാണ്. തന്റെ കൈവശമുള്ള ലക്ഷത്തോളം വിലമതിക്കുന്ന രാസവസ്തുക്കൾ ഗുണനിലവാരം നഷ്ടപ്പെടുന്നതിനു മുമ്പ് കുട്ടികളുടെ പഠനത്തിനുപകരിക്കും വിധം പ്രയോജനപ്പെടുത്താനാണ് ശ്രമം. ഫോൺ: 9496275712
ശാസ്ത്രപഠനത്തിന്റെ ഭാഗമായി അടിസ്ഥാനപരമായി കണ്ടു മനസ്സിലാക്കേണ്ട പല രാസപ്രവർത്തനങ്ങളും നേരിട്ടു കാണിച്ചുകൊടുത്താൽ അത് കുട്ടികളിലെ ശാസ്ത്രചിന്തയും അന്വേഷണത്വരയും വർദ്ധിപ്പിക്കും
ശ്രീനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |