SignIn
Kerala Kaumudi Online
Monday, 13 July 2026 3.33 AM IST

എസ്.ഐമാർക്ക് ഭരണച്ചുമതല , എറണാകുളത്ത് മാറ്റം 56 സ്റ്റേഷനുകളിൽ

police

കൊച്ചി: പൊലീസ് ഘടനയിലെ അഴിച്ചുപണിയിൽ ജില്ലയിൽ മാറ്റം വരുക 56 സ്റ്റേഷനുകളിൽ. ആകെ 61 സ്റ്റേഷനുകളിൽ നാലിടത്ത് മാത്രമായിരിക്കും ഇൻസ്‌പെക്ടർക്ക് എസ്.എച്ച്.ഒ ചുമതല. മറ്റ് സ്റ്റേഷനുകളിലെല്ലാം ഇൻസ്‌പെക്ടർമാരെ മാറ്റി പകരം സബ് ഇൻസ്‌പെക്ടർമാർ (എസ്.ഐ) സ്റ്റേഷൻ ഹൗസ് ഓഫീസർ പദവിയിലെത്തും. ഇത് സംബന്ധിച്ച് നിർദ്ദേശം അടങ്ങിയ റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് സമർപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവിയാണ് അന്തിമതീരുമാനം കൈക്കൊള്ളുക.

കൊച്ചി സിറ്റിയിലെ 27 സ്റ്റേഷനുകളിൽ 23ലും എറണാകുളം റൂറൽ പരിധിയിലെ 34 സ്റ്റേഷനുകളിൽ 33ലുമാകും എസ്.ഐമാർ തലപ്പത്തുവരിക.

കൊച്ചി സിറ്റിയിലെ നാല് സബ് ഡിവിഷൻ ഉൾപ്പെടുന്ന പ്രധാന സ്റ്റേഷനുകളിൽ മാത്രം നിലവിലെ ഇൻസ്‌പെക്ടർ ഭരണം തുടരും. റൂറൽ മേഖലയിൽ വിമാനത്താവള സുരക്ഷയും പ്രവാസി യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുത്ത് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ മാത്രമാകും ഇൻസ്‌പെക്ടർ ചുമതല നിലനിർത്തുക. ആഗസ്റ്റ് 15നകം പൊലീസിന് പുതിയ മുഖമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ക്രമീകരണത്തിലൂടെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കുന്ന 206 ഇൻസ്‌പെക്ടർമാരെ പോക്‌സോ, സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത ആക്രമണങ്ങൾ എന്നിവ അന്വേഷിക്കുന്ന പ്രത്യേക ഡിവിഷനുകളിലേക്ക് മാറ്റും. ഗുരുതരമായ കേസുകൾ അന്വേഷിക്കാൻ ഇൻസ്‌പെക്ടർമാരുടെ സേവനം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ ഇതിലൂടെ സാധിക്കും. എസ്.ഐമാർക്ക് ചുമതലയുള്ള സ്റ്റേഷനുകളിലെ വലിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഡിവൈ.എസ്.പിമാരോ ജില്ലാ ക്രൈംബ്രാഞ്ചിലെ ഇൻസ്‌പെക്ടർമാരോ നേരിട്ടെത്തും.

പാളിയ നടപടി തിരുത്തുന്നു

മുൻ സർക്കാരിന്റെ കാലത്ത് 480 സ്റ്റേഷനുകളിലാണ് സി.ഐമാരെ എസ്.എച്ച്.ഒമാരായി നിയമിച്ചത്. ഇത് താഴേത്തട്ടിലുള്ള പൊലീസിംഗിനെ പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് തിരുത്തൽ നടപടി. ഇൻസ്‌പെക്ടർമാർ പഴയ എസ്.ഐമാരുടെ അതേ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടായെന്നും സ്റ്റേഷൻ ഭരണം കൈവിട്ടുപോയതോടെ എസ്.ഐമാരുടെ പ്രവർത്തനമികവ് കുറഞ്ഞതായും കണ്ടെത്തിയിരുന്നു.

പ്രതിവർഷം 3000ലേറെ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്ന 'എ' ക്ലാസ് സ്റ്റേഷനുകളിൽ മാത്രമാകും ഇൻസ്‌പെക്ടർമാർ എസ്.എച്ച്.ഒയായി തുടരുകയെന്നതാണ് പ്രാഥമിക തീരുമാനം.

ആയിരത്തിൽ താഴെ കേസുകൾ വരുന്ന ബി, സി ക്ലാസ് സ്റ്റേഷനുകളിൽ ഭരണം പൂർണമായും എസ്.ഐമാരിലേക്ക് മാറും.

പ്രധാന സ്റ്റേഷനുകൾ ഒഴികെ, രണ്ട് അല്ലെങ്കിൽ മൂന്ന് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്‌പെക്ടർ എന്ന നിലയിലാകും പുതിയ ക്രമീകരണം.

 സംസ്ഥാനത്താകെ 210 പൊലീസ് സർക്കിളുകൾ രൂപീകരിക്കാൻ ശുപാർശയുണ്ട്. ഇതോടെ മൂന്ന് സ്റ്റേഷനുകൾക്ക് വീതം ഒരു സി.ഐയുടെ കൃത്യമായ മേൽനോട്ടം ഉറപ്പാക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SI CHARGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL