SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.11 AM IST

സിഗററ്റ് പുകയെച്ചൊല്ലി ഇടപ്പള്ളി ടോളിൽ തല്ല്: വധശ്രമത്തിന് കേസ്

attack

കൊച്ചി: സിഗററ്റ് പുക മുഖത്ത് തട്ടിയതിനെച്ചൊല്ലി പൊരിഞ്ഞ തല്ല്. അടികലശലിനിടെ മൂർച്ചയേറിയ ആയുധം വീശിയതായി പരാതി. സംഘർഷം കൈവിട്ടു പോയതോടെ വധശ്രമത്തിന് അറസ്റ്റിലായത് മൂന്നു യുവാക്കൾ. പുക വലിച്ച യുവാക്കളാകട്ടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലുമായി.

ഇടപ്പള്ളി ടോളിന് സമീപം എ.കെ.ജി റോഡിൽ കഴിഞ്ഞദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. ലുലു മാളിലെ തുണിക്കടയിൽ ജീവനക്കാരനായ ഇടുക്കി രാജകുമാരി സ്വദേശി ബേസിൽ പി. പൗലോസ്, സുഹൃത്തുക്കളായ നിഖിൽ, നവീൻ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നു പേരും ജോലി കഴിഞ്ഞ് എ.കെ.ജി റോഡിലെ കടയ്ക്ക് സമീപം സിഗററ്റ് വലിച്ച് നിൽക്കുകയായിരുന്നു.

സമീപം നിന്ന ചെറുപ്പക്കാരാണ് സിഗററ്റ് പുക മുഖത്ത് തട്ടിയപ്പോൾ പ്രകോപിതരായത്. ഇവർ ബേസിലിനെയും സുഹൃത്തുക്കളെയും സമീപിച്ച് ചൂടായി സംസാരിച്ചു. ഇതോടെ, ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. സംസാരം കയ്യാങ്കളിയിലേക്ക് നീങ്ങി.

ബേസിലിന് മുഖത്താണ് അടിയേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച നിഖിലിനും നവീനും മർദ്ദനമേറ്റു. ഇതിനിടെയാണ് പ്രതികൾ മൂർച്ചയേറിയ ആയുധം കൊണ്ട് ബേസിലിന് നേരെ വീശിയത്. ഒഴിഞ്ഞ് മാറിയതിനാൽ കഴുത്തിൽ കൊണ്ടില്ലെങ്കിലും വയറ്റത്തും ദേഹത്തും പോറലേറ്റു.

സംഭവസ്ഥലത്ത് എത്തിയ കളമശേരി പൊലീസ് യുവാക്കളെ ആക്രമിച്ച കൊല്ലം മൈലക്കാട് സ്വദേശി ടോമിസൺ (31), കണ്ണനല്ലൂർ സ്വദേശി ജോബിൻ ബൈജു (28), തിരുവനന്തപുരം തിരുവല്ലം സ്വദേശി ബിബിൻ (30) എന്നിവരെ അറസ്റ്റ് ചെയ്തു. മൂവരും കെട്ടിട നി‌ർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരാണ്.

ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ്

പ്രതികൾക്കെതിരെ ചുമത്തിയത് ശക്തമായി വകുപ്പുകൾ. 'കുത്തിയാൽ ഗുരുതരമായ പരിക്കേൽക്കുമെന്നും മരണം വരെ സംഭവിക്കാമെന്നും അറിയാവുന്ന പ്രതി മൂർച്ചയേറിയ ഏതോ ആയുധം കൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കാൻ ശ്രമിച്ചതിന് " വധശ്രമത്തിന് ബി.എൻ.എസിലെ 110 വകുപ്പ് ചുമത്തിയതായി പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പാണിത്. പരിക്കേൽപ്പിച്ചതിനും ( വകുപ്പ് 115-2), മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും (118-1) വകുപ്പുകൾ ചുമത്തി. ആയുധം ബ്ലേഡ് ആണെന്നാണ് സൂചന. സംഘർഷം നടന്നിടത്ത് സി.സി ടിവി ക്യാമറകളില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL