SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

പാട്ടോർമ്മകളിൽ ഒരുമയുടെ 'ഹാർമണി" 

harmony

കൊച്ചി: കാലംമറക്കാത്ത പാട്ടുകളുമായി ഓർമ്മകളുടെ രാഗമാധുര്യം ആസ്വദിക്കുകയാണ് കൊച്ചിയിലെ ഈ കൂട്ടുകാർ. 'ഹാർമണി മ്യൂസിക് ഗ്രൂപ്പ് " എന്ന ഗായകരുടെയും സംഗീതപ്രിയരുടെയും അപൂർവ കൂട്ടായ്മയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ മുതൽ ഉന്നതപദവികളിൽനിന്ന് വിരമിച്ചവർ, സംഗീതജ്ഞർ, എഴുത്തുകാർ, ബിസിനസുകാർ ഉൾപ്പെടെയാണുള്ളത്. 32 വനിതകളടക്കം നൂറിലേറെ അംഗങ്ങളുള്ള ക്ലബിൽ ഏറെയും 60 പിന്നിട്ടവർ. വലിപ്പച്ചെറുപ്പമില്ലാതെ ആഴ്ചയിൽ രണ്ടുദിവസം രണ്ടു സ്ഥിരം വേദികളിൽ ഒത്തുചേർന്ന് മെലഡികളുടെ മായാലോകമൊരുക്കും. കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും സ്വരശുദ്ധിയോടെ ചേർന്നൊഴുകമ്പോൾ ആസ്വദിക്കാനെത്തുന്നവരും ഏറെ. നേത്രരോഗവിദഗ്ദ്ധൻ ഡോ. എൻ.എസ്.ഡി. രാജു, ആർക്കിടെക്ട് ബി.ആർ. അജിത്ത്, സംഗീതജ്ഞരായ ടി.എസ്. രാധാകൃഷ്ണൻ, ആർ.കെ. ദാമോദരൻ, കൈതപ്രം, ഗായകരായ മിൻമിനി, ജെൻസി തുടങ്ങിയവർ ഈ കൂട്ടായ്മയുടെ ഭാഗമാണ്. കെ.പി.എ.സി ഉൾപ്പെടെയുള്ള നാടകട്രൂപ്പുകളിൽ ഹാർമോണിയം വായിച്ചിരുന്ന എം.പി. രാമദാസാണ് പ്രസിഡന്റ്. കിഷോർ കുമാറിന്റെ ഗാനങ്ങളുടെ സ്പെഷ്യലിസ്റ്റ് ടി.വി. രാജാമണി, സംഗീതാദ്ധ്യാപിക ബിന്ദു സഞ്ജീവ്, പ്രദീപ് മണ്ണൂർ, ശ്രീകല ചന്ദ്രലാൽ തുടങ്ങിയ അംഗങ്ങൾ പ്രൊഫഷണൽ താരങ്ങളാണ്.

2024 ഫെബ്രുവരി 29നാണ് ഗ്രൂപ്പിന് രൂപം നൽകിയത്. ഗായകർക്ക് മാത്രമാണ് ആദ്യം അംഗത്വം നൽകിയിരുന്നതെങ്കിലും ഇപ്പോൾ സംഗീതാഭിമുഖ്യമുള്ളവർക്കും അവസരമുണ്ട്. ഗായകരാണെങ്കിൽ, പാടിയതിന്റെ വിഡിയോ നൽകണം. 11 അംഗ കമ്മിറ്റിയാണ് തീരുമാനമെടുക്കുകയെന്ന് സെക്രട്ടറി എം.എസ്. ജയമോഹൻ, ട്രഷറർ ടി.ബി. രാമകൃഷ്ണൻ എന്നിവർ പറഞ്ഞു. എല്ലാ വ്യാഴാഴ്ചകളിലും എറണാകുളം പ്രോവിഡൻസ് റോഡിലെ വളവി ബിൽഡിംഗിലും ശനിയാഴ്ചകളിൽ രാമവർമ്മ ക്ലബിലും വൈകിട്ട് നാലു മുതൽ ഏഴരവരെയാണ് പാട്ടരങ്ങ്.


വരും, പുതിയ തലമുറ
 കുട്ടികളിൽ സംഗീതാഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് ശില്പശാലകൾ സംഘടിപ്പിക്കുന്നു. കുട്ടികളുടെ സംഗീത ടീമിനെ വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു

 പുതിയ ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ എന്നിവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

 കഴിഞ്ഞവർഷം ഓണപ്പാട്ടുകൾ പുറത്തിറക്കിയായിരുന്നു തുടക്കം. ഈ വർഷവുമുണ്ടാകും

 നാടൻപാട്ടുകൾ പ്രോത്സാഹിപ്പിക്കാനും പദ്ധതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL