SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

ജീവിതം തുഴയാനാകാതെ മത്സ്യത്തൊഴിലാളികൾ

fisherman
തൊഴിലിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി

കണ്ണൂർ: കടലിലെ കാറ്റിനോടും തിരയോടും ഭയപ്പാടില്ലാതെ പോരടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സ്വന്തം വയറിനോടും നിലനിൽക്കുന്ന വ്യവസ്ഥിതിയോടുമുള്ള പോരാട്ടം അങ്കലാപ്പ് സൃഷ്ടിക്കുന്നു. സ്ഥിരവരുമാനം ലഭിക്കാത്തതും ആനുകൂല്യങ്ങളുടെ കുറവും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നു.

മരിച്ചാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ജീവിച്ചിരിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പര്യാപ്തമല്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വർഷങ്ങളായി ഈ മേഖലയിൽ തൊഴിൽ ചെയ്ത് പിന്നീട് പണിയെടുത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ ലഭിക്കുന്ന റിട്ടയർമെന്റ് ആനുകൂല്യം പരിമിതമാണ്. എന്നാൽ അപകടമരണത്തിനും മറ്റ് ബുദ്ധിമുട്ടുകളിലും ആനുകൂല്യങ്ങൾ ലഭിക്കുന്നുമുണ്ട്.
കേന്ദ്ര സർക്കാർ വൻകിട കുത്തകകൾക്ക് കടൽ പണയപ്പെടുത്തി സാധാരണ മത്സ്യതൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ്. കടലിലെ ധാതുക്കളും സമ്പത്തും കോർപ്പറേറ്റുകൾക്ക് ചൂഷണം ചെയ്യാൻ വിട്ടുനൽകി. ഇക്കൂട്ടർ കച്ചവട ലാഭം മാത്രമാണ് നോക്കുന്നത്. ഇത് മത്സ്യ ലഭ്യതയിൽ വലിയ കുറവുണ്ടാക്കി. കൂടെ കാലാവസ്ഥ വ്യതിയാനവും വില്ലാനാവുന്നു. ലൈസൻസ് ഇല്ലാതെ കച്ചവടം ചെയ്യുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യമാണ്. ഇതിൽ ഗുണനിലവാര തകർച്ച നേരിടാനുള്ള സാധ്യതയുമുണ്ട്. ആർക്കും എവിടെ വേണമെങ്കിലും മത്സ്യ കച്ചവടം ചെയ്യാം എന്നുള്ള സ്ഥിതിയാണ്. അനധികൃത കച്ചവടം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഫിഷറീസ് ഭവനുകളിൽ ഓഫീസർമാരുടെ കുറവും നികത്തേണ്ടതുണ്ട്.

തൂക്കത്തിൽ കൃത്രിമത്വം

ഹോൾസെയിൽ മാർക്കറ്റിൽ നിന്നുമാണ് തൊഴിലാളികൾ കച്ചവടത്തിനാവശ്യമായ മത്സ്യം എടുക്കുന്നത്. അതിൽ തൂക്കത്തിലും ഗുണനിലവാരത്തിലും വരുത്തുന്ന കൃത്രിമത്വം സാധാരണക്കാരായ കച്ചവടക്കാർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. ഓരോ പെട്ടിയിലും 2 കിലോഗ്രാം മുതൽ 4 കിലോഗ്രാം വരെ തൂക്കത്തിൽ മാറ്റം വരുന്നു. ഇത് 300 രൂപ വരെയുള്ള നഷ്ടത്തിനും ഇടയാക്കുന്നു. ഐസ് ചേർത്ത പെട്ടികളായതിനാൽ മാർക്കറ്റിൽ നിന്നും വാങ്ങുമ്പോൾ തൂക്കുക എന്നത് പ്രായോഗികമല്ല.

മുകളിൽ നല്ല മത്സ്യം വച്ച് താഴെ ഗുണ നിലവാരമില്ലാത്തവ ചേർക്കുന്ന സ്ഥിതിയും ഉണ്ട്. ഇത് പിന്നീട് കച്ചവട യോഗ്യമല്ലാത്ത സ്ഥിതിയുണ്ടാക്കുന്നു.

7000 മത്സ്യത്തൊഴിലാളികൾ

  • ജില്ലയിൽ ക്ഷേമ ബോർഡിൽ അംഗത്വമുള്ള 7000 ത്തിനടുത്ത് മത്സ്യത്തൊഴിലാളികളും രണ്ടായിരത്തിനടുത്ത് അനുബന്ധ തൊഴിലാളികളും, 3000 ത്തോളം ഉൾനാടൻ തൊഴിലാളികളും, 11 മത്സ്യ ഗ്രാമങ്ങളും ഉണ്ട്.
  • കണ്ണൂർ,തലശ്ശേരി, പുതിയങ്ങാട എന്നീ മൂന്ന് മത്സ്യ ഭവനുകളും കണ്ണൂരിലെ റീജിയണൽ ഓഫീസും കേന്ദ്രീകരിച്ചു കൊണ്ടാണ് ഓഫീസ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

സ്വന്തം മക്കളെ പോലും ഈ രംഗത്ത് ഇറക്കാൻ അച്ഛനമ്മമാർ മടിക്കുകയാണ്. വ്യവസ്ഥിതിയിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. അധികാരികളുടെ ഭാഗത്തു നിന്നും ഇടപെടലുകൾ ഇല്ലെങ്കിൽ മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും നില കൂടുതൽ ദുസ്സഹമാകും.

സഹീർ പാലക്കൽ -മത്സ്യ വിതരണ അനുബന്ധ തൊഴിലാളി അസോസിയേഷൻ ജനറൽ സെക്രട്ടറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, FISHERMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL