SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.35 PM IST

നിതിൻ രാജിന്റെ ആത്മഹത്യ അടങ്ങാത്ത പ്രതിഷേധം

Increase Font Size Decrease Font Size Print Page
pradhishdam
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി‍.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അദ്ധ്യാപകൻ ഡോ. എം.കെ. റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുളള പ്രതിഷേധം ഏഴാം ദിവസവും തുടർന്നു. ഇന്നലെയും വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി എസ്.എഫ്.ഐ കോളേജിൽ യൂനിറ്റ് രൂപീകരിച്ചു.

നിതിന്റെ മരണത്തിന് പിന്നാലെ കോളേജിലെ അദ്ധ്യാപകരുടെ പീഡനങ്ങളെക്കുറിച്ച് പരാതികൾ ശേഖരിക്കാൻ വിദ്യാർത്ഥികൾ ഒരു പ്രത്യേക ഇമെയിൽ സംവിധാനം ഒരുക്കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഡോ. റാം ഉൾപ്പെടെയുള്ള മൂന്ന് അദ്ധ്യാപകർക്കെതിരെ 150ലധികം പരാതികളാണ് ലഭിച്ചത്.

ഡോ. എം.കെ റാമിന്റെ ഭാര്യയുടെ പേരിലുള്ള എടക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഡോ. ദിൽന ദന്തൽ ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥാപനത്തിന്റെ ബോർഡുകൾ തകർത്ത് തീയിട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. 'ജാതിവെറിയന്റെ കട ഡി.വൈ.എഫ്.ഐ പൂട്ടിച്ചു' എന്ന ബോർഡും പതിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഒ.വി നിജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.പി നിവേദ്, സി.പി.എം എടക്കാട് ഏരിയ സെക്രട്ടറി എം.കെ മുരളി, സാദിയ എന്നിവർ പ്രസംഗിച്ചു.

അഖിലേന്ത്യാ ദലിത് റൈറ്റ്സ് മൂവ്മെന്റ്, ആദിവാസി മഹാസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം വി. ഷാജി ഉദ്ഘാടനം ചെയ്തു. പി.കെ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ദലിത് റൈറ്റ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി വി.വി കണ്ണൻ, പ്രസിഡന്റ് കെ.ആർ ചന്ദ്രകാന്ത്, ശ്രീധരൻ പന്നിയൂർ എന്നിവർ പ്രസംഗിച്ചു.

യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം
നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പൊലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി സഹദുള്ള സമരം ഉദ്ഘാടനം ചെയ്തു. തസ്ലീം മണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷജീർ ഇക്ബാൽ, അസ്‌കർ കണ്ണാടിപ്പറമ്പ്, ഷബീർ എടയന്നൂർ എന്നിവർ പ്രസംഗിച്ചു.


വെള്ളക്കോട്ടുകൾ അഴിച്ചുവെച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധം

അദ്ധ്യാപകരുടെ മാനസിക പീഡനത്തിനെതിരെ തങ്ങളുടെ പ്രതീകാത്മകമായ വെള്ളക്കോട്ടുകൾ അഴിച്ചുവച്ച് ക്ലാസുകൾ ബഹിഷ്‌കരിച്ചാണ് വിദ്യാർത്ഥികൾ ഇന്നലെ കാമ്പസിനകത്ത് പ്രതിഷേധിച്ചത്. 'മാതാപിതാക്കളുടെ അധ്വാനത്തിന്റെ ഫലമായ ഈ കോട്ടിൽ ആദ്യം കണ്ണീരും പിന്നീട് ചോരയും വീണു' എന്ന വൈകാരികമായ മുദ്രാവാക്യവുമായാണ് അവർ തെരുവിലിറങ്ങിയത്. ഡോ. റാമിനെ കോളേജിൽ നിന്നും പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ ആരോഗ്യ സർവകലാശാല നിയമിച്ച സമിതി കോളേജിലെത്തിയിരുന്നു. ഇവർക്ക് മുന്നിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അവർ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ പങ്കുവച്ചു. ഡെന്റൽ വിദ്യാർത്ഥികൾക്ക് പുറമേ നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കാളികളായി.

TAGS: LOCAL NEWS, KANNUR, MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.