SignIn
Kerala Kaumudi Online
Monday, 18 May 2026 5.00 AM IST

കനത്ത ചൂടും വേനൽ മഴയും, കർഷകർക്ക് തിരിച്ചടി

ph-1-
ശക്തമായ കാറ്റിലും മഴയിലും ഇരിക്കൂറിൽ നശിച്ച വാഴത്തോട്ടം

കണ്ണൂർ: കനത്ത ചൂടും വേനൽ മഴയും കാറ്റും ജില്ലയിലെ കർഷകർക്കുണ്ടാക്കിയത് കോടികളുടെ നാശനഷ്ടം. ഏപ്രിൽ ഒന്നുമുതൽ കൃഷിവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ഏകദേശം അഞ്ചുകോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. 42.77 ഹെക്ടറോളം ഭൂമിയിലെ കൃഷി നശിച്ചു. 2649 ഓളം കർഷകരെയാണ് ഇത് ബാധിച്ചത്.

ഫെബ്രുവരി അവസാനവാരം തന്നെ വേനൽ ശക്തമായതും ജലാശയങ്ങൾ വറ്റിതുടങ്ങിയതും കാർഷിക മേഖലയ്ക്ക് വൻ പ്രതിസന്ധിയായി. പച്ചക്കറി, നേന്ത്രവാഴകൃഷി എന്നിവ ജില്ലയിൽ വ്യാപകമായി കൃഷി ചെയ്ത സമയമായിരുന്നു. മതിയായ ജലസേചനമില്ലാത്തതിനാൽ വിളകളെല്ലാം നശിച്ചു. പലയിടങ്ങളിലും കൃഷി ചെയ്ത പച്ചക്കറികൾക്ക് മതിയായ വെള്ളം ലഭിക്കാത്തതിനാൽ പ്രതീക്ഷിച്ച വിളയും ലഭിച്ചില്ല.എന്നാൽ വെള്ളം കിട്ടാൻ കാത്തിരുന്ന കർഷകർക്ക് വേനൽമഴ നൽകിയത് ഇരട്ടി പ്രഹരം. വേനൽ മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ കൃഷികളെല്ലാം നിലംപൊത്തി. ഏപ്രിൽ മാസം തുടക്കത്തിൽ മലയോരത്ത് വീശിയ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് കുലച്ച വാഴകളാണ് നിലംപൊത്തിയത്. ആലക്കോട് ഭാഗത്ത് അപ്പർ ചീക്കാട്, മൂരിക്കടവ്, കാപ്പിമല, മഞ്ഞപ്പുല്ല്, പാത്തൻപാറ, കരാമരം തട്ട് പ്രദേശങ്ങളിലാണ് വ്യാപക കൃഷിനാശമുണ്ടായത്. ഇതിന് പുറമേ ഇരിക്കൂർ, പേരാവൂർ, ചെങ്ങളായി, ചാവശേരി മേഖലകളിലും വൻ നാശനഷ്ടമുണ്ടായി.

കാലാവസ്ഥാ വ്യതിയാനം വില്ലനായി

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള താപനിലയിലെ വ‌ർദ്ധനവും, മഴയുടെ സ്വഭാവത്തിലുള്ള മാറ്റങ്ങളും നാണ്യവിളകളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉയർന്ന ചൂടും ഈർപ്പവും വിളകളുടെ വളർച്ച, ആരോഗ്യം എന്നിവയെ കുറയ്ക്കുകയും കീടങ്ങളുടെയും രോഗങ്ങളുടെയും വ്യാപനം വർദ്ധിപ്പിക്കുകയും ഇതിലൂടെ ഉത്പാദനം, ഉൽപാദനക്ഷമത, ഉത്പന്ന ഗുണനിലവാരം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. കുരുമുളകിന് വർഷം മുഴുവൻ ഒരുപോലെ മഴ ലഭിക്കേണ്ടതാണ്. വേനൽക്കാല ചൂട് ഇലകളുടെയും പാർശ്വസിരകളുടെയും എണ്ണം കുറച്ച് വളർച്ചയും ഉത്പാദനവും കുറയ്ക്കുന്നു. മഴയുടെ ഏറ്റക്കുറച്ചിലുകൾ റബ്ബറിന്റെ ടാപ്പിംഗ് ദിനങ്ങൾ കുറഞ്ഞ് വരുന്നതിനും ലാറ്റക്സ് ഉത്പാദനം കുറയുന്നതിനും കാരണമാകുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേനൽമഴ കാപ്പിയുടെ പൂവിടലിന് ആവശ്യമാണ്. നീണ്ട വരൾച്ചയും വൈകിയ മഴയും മണ്ണിലെ ചൂട് വർദ്ധനയ്ക്കും വിളകൾ ഉണങ്ങിപ്പോകുന്നതിനും കാരണമാകുന്നു. കാലം തെറ്റി പെയ്യുന്ന മഴ വിളകളുടെ പരാഗണം, പൂവിടൽ, കായ് പിടുത്തം തുടങ്ങിയവയെ ബാധിക്കുന്നു. അധിക മഴ വിളകളിൽ രോഗബാധയ്ക്കും കാരണമാകുന്നു.

7.45 ലക്ഷത്തിന്റെ നഷ്ടം

(ഏപ്രിൽ 24ന്റെ കണക്ക്)

ഒടിഞ്ഞുവീണ നേന്ത്രവാഴകൾ 7900

ഒടിഞ്ഞുവീണ കമുകുകൾ 125

ഉണങ്ങിയ കുരുമുളക് ചെടി 2200

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VAAZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL