SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.10 AM IST

ആവശ്യക്കാരില്ല, അനാഥമായി ഐസ് ക്രഷിംഗ് യൂണിറ്റ്

ice
ഉപയോഗിക്കാത്തതിനെത്തുടർന്ന് മാപ്പിള ബേ ഹാർബറിലുള്ള ഐസ് ക്രഷിംഗ് യൂണിറ്റിന്റെ മോട്ടർ തുരുമ്പുപിടിച്ച നിലയിൽ.

കണ്ണൂർ: ആവശ്യക്കാരില്ലാതെ സർക്കാരിന്റെ ഐസ് ക്രഷിംഗ് യൂണിറ്റ് ഹാർബറിൽ അനാഥമായി കിടക്കുന്നു. കണ്ണൂർ മാപ്പിള ബേ ഹാർബറിൽ നാലു വർഷം മുൻപ് സ്ഥാപിച്ച് ഐസ് ക്രഷിംഗ് യൂണിറ്റ് തുരുമ്പെടുക്കാൻ തുടങ്ങിയതോടെ ഉദ്യോഗസ്ഥർ ആവശ്യക്കാരെ തേടി, സ്ഥലംമാറ്റ നടപടികളുമായി മുന്നോട്ടു പോവുകയാണ്.

സ്വകാര്യ പങ്കാളിത്തത്തോടെ മാപ്പിള ബേയിൽ ഉപകരണം പ്രവർത്തിപ്പിക്കുന്നതിന് ടെൻഡർ വിളിച്ചെങ്കിലും ആരും താൽപര്യം കാണിക്കാതായതോടെ, സ്ഥാപിച്ച സ്ഥലത്തുതന്നെ വെയിലും മഴയുമേറ്റ് കിടക്കുകയാണ്. ഉപകരണത്തിന്റെ മോട്ടോർ ഭാഗം ഇതിനകം തുരുമ്പെടുത്തു കഴിഞ്ഞു.

ഉപകരണത്തിന്റെ മോട്ടോർ ഭാഗങ്ങൾ തുരുമ്പെടുക്കാൻ തുടങ്ങിയതോടെയാണ് അഴീക്കൽ ഹാർബറിലേക്ക് മാറ്റാനാവശ്യമായ നടപടികൾ ഹാർബർ എൻജിനീയറിംഗ് വിഭാഗം ആരംഭിച്ചത്. ഏകദേശം മുപ്പതടിയോളം ഉയരം വരുന്ന ഉപകരണം റോഡ് മാർഗം കൊണ്ടുപോവാൻ കഴിയാത്തതും അഴീക്കൽ ഹാർബറിലേക്ക് മാറ്റുന്നതിന് തടസമായി. യൂണിറ്റ് അഴിച്ച് ഭാഗങ്ങളാക്കി കൊണ്ടുപോവാനുള്ള ആലോചനയാണ് നിലവിൽ നടക്കുന്നത്.

ഐസ് ക്രഷിംഗ് യൂണിറ്റ്

കേരള സർക്കാരിന്റെ ഹാർബർ എൻജിനീയറിംഗ് വിഭാഗമാണ് 15 ലക്ഷം രൂപയോളം വിലവരുന്ന കൂറ്റൻ ഉപകരണം ആയിക്കര മാപ്പിള ബേയിൽ സ്ഥാപിച്ചത്. മത്സ്യബന്ധനത്തിനു ശേഷം ആവശ്യമായി വരുന്ന ഐസ് ബോക്സുകൾ പൊടിച്ചു കൊടുക്കുന്നതിനാണ് ഉപകരണം. ഏകദേശം മുപ്പതടിയോളം ഉയരമുണ്ട്.

ആവശ്യമില്ലെന്ന് ബോട്ടുടമകൾ

മാപ്പിള ബേ ഹാർബറിൽ ഇത്തരം ഒരു ഉപകരണത്തിന്റെ ആവശ്യം നിലവിൽ ഇല്ലെന്നാണ് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും പറയുന്നത്. നിലവിൽ സ്വകാര്യ ഐസ് കമ്പനിക്കാരിൽ ചിലരിൽ ഐസ് ക്രഷിംഗ് യൂണിറ്റ് നിലവിലുണ്ട്. ഇതും സർക്കാരിന്റെ മുതൽ അനാഥമായി കിടക്കാൻ കാരണമാവുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL