SignIn
Kerala Kaumudi Online
Friday, 03 July 2026 4.43 AM IST

എഴുപത്തിയൊൻപതാമത് രക്തദാനം റംലയുടേത് ചുവപ്പൻ വിപ്ളവം തന്നെ

tt-ramla-

കണ്ണൂർ: രക്തദാനത്തിൽ പൊതുവെ വിമുഖത കാണിക്കുന്ന സ്ത്രീകൾക്കിടയിൽ കതിരൂർ പൊന്ന്യം പാലം സ്വദേശിയായ ടി.ടി.റംല വ്യത്യസ്തയാണ്. അപകടത്തിൽ പെട്ടവരും കാൻസർ രോഗികളും അടക്കമുള്ള ആളുകളുടെ ദൈന്യത കണക്കിലെടുത്ത് അപൂർവ ഗ്രൂപ്പായ ഒ.നെഗറ്റീവ് രക്തം റംല ദാനം ചെയ്തത് 79 തവണയാണ്.ഏറെ പ്രയാസകരമായ അവസ്ഥയിൽ സഹായത്തിനെത്തിയ ഇവരെ ദൈവത്തെ പോലെയാണ് സ്വീകർത്താക്കളും കുടുംബാംഗങ്ങളും ഓർക്കുന്നത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം കൂടിയായ റംലയുടേത് ഒരു തരത്തിൽ ചുവപ്പൻ വിപ്ളവം തന്നെയാണ്.

സംസ്ഥാനത്ത് ഇത്രയധികം രക്തദാനം ചെയ്ത മറ്റൊരു സ്ത്രീയും ഉണ്ടാവില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

സ്ത്രീകളുടെ രക്തദാന വാർത്ത അധികമാരും കേട്ടിട്ടുണ്ടാവില്ല. രക്തദാനം ചെയ്യാൻ പലരും മടിക്കുന്ന ഇക്കാലത്ത് വലിയ പ്രചോദനമാണ് റംല. നിരവധി തവണ രക്തം നൽകിയിട്ടും ആരോഗ്യ പ്രശ്‌നങ്ങൾ പോലും ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ അനുഭവം.

ഏറ്റവും ഒടുവിൽ കഴിഞ്ഞ മെയ് മാസത്തിലാണ് രക്തദാനം നൽകിയത്. ആദ്യ ദാനം 25ാം വയസ്സിലായിരുന്നു. സഹോദരൻ ടി.ടി.അസ്‌കർ 100 തവണ രക്തദാനം ചെയ്തിട്ടുണ്ട്. അസ്‌കറിന്റേതും ഒ.നെഗറ്റീവാണ്. രോഗികൾക്കും അപകടത്തിൽപ്പെട്ടവരുമായ നിരവധി പേരെയാണ് ഇരുവരും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

ഒ നെഗറ്റീവ് രക്തം കിട്ടാനുള്ള കഷ്ടപ്പാട് തിരിച്ചറിഞ്ഞാണ് ഈ യുവതി രക്തദാനം കൃത്യമായ ജീവിതചര്യയാക്കി മാറ്റുന്നത്. തലശ്ശേരി മലബാർ ക്യാൻസർ സെന്ററിലെ ക്യാൻസർ രോഗികൾക്കാണ് റംല കൂടുതൽ തവണ രക്തം നൽകിയത്. ഏറ്റവും കൂടുതൽ രക്തദാനം ചെയ്തതിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡും റംലയ്ക്ക് ലഭിച്ചിട്ടുണ്ട്. റംലയുടെ മക്കളും ഇതെ മാതൃക പിന്തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കതിരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർ പെഴ്സൺ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് സിഡന്റ, തലശ്ശേരി ഫയർ ആൻഡ് റസ്‌ക്യൂ സിവിൽ ഡിഫൻസിന്റെ വളണ്ടിയർ എന്നീ നിലകളിലും സേവനത്തിന്റെ വഴിയിലാണ് റംല.


അറിയണം, ഇത് മഹാദാനമാണ്....

അപകടങ്ങളിൽ പരിക്കേറ്റവർക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു.

ശസ്ത്രക്രിയകൾ, പ്രസവസംബന്ധമായ അടിയന്തരാവസ്ഥകൾ, കാൻസർ ചികിത്സ, താലസീമിയ പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് രക്തം അനിവാര്യം.

ഒരാളുടെ ഒരു യൂണിറ്റ് രക്തം വിവിധ ഘടകങ്ങളായി വേർതിരിച്ച് മൂന്ന് രോഗികൾക്ക് സഹായകരമാകും

രക്തദാനം ചെയ്യുന്നത് സമൂഹത്തിൽ പരസ്പരസഹകരണവും മാനവിക മൂല്യങ്ങളും വളർത്തുന്നു.

രക്തം നൽകി മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിലൂടെ വലിയ സന്തോഷമാണ് എനിക്കിപ്പോഴുമുള്ളത്. ഇനിയും ഈ സേവനം തുടരാനാണ് തീരുമാനം-ടി.ടി.റംല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL