SignIn
Kerala Kaumudi Online
Friday, 03 July 2026 4.43 AM IST

കൗൺസിൽ കയറി 'അനധികൃത കച്ചവടം" നടപടി ഉടനെന്ന് മേയർ;മനുഷ്യത്വപരമാകണമെന്ന് പ്രതിപക്ഷം

indira

കണ്ണൂർ: കോർപറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന അനധികൃത തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊമ്പുകോ‌ർത്ത് മേയറും പ്രതിപക്ഷവും. ഇന്നലെ ചേർന്നയോഗത്തിൽ പ്രതിപക്ഷ കൗൺസിലർ വി.കെ പ്രകാശിനിയാണ് പയ്യാമ്പലത്ത് ഉൾപ്പെടെയുള്ള തട്ടുകടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ നടപടിയാണ് വേണ്ടതെന്ന ആവശ്യമുയർത്തിയത്. അനധികൃത കച്ചവടത്തെ പിന്തുണക്കുന്നില്ലെങ്കിലും ബദൽ സംവിധാനം ഒരുക്കാത്തത് പാവപ്പെട്ട തെരുവുകച്ചവടക്കാരുടെ ജീവിതമാർഗം ഇല്ലാതാക്കുമെന്നും പ്രകാശിനി ചൂണ്ടിക്കാട്ടി.

വർഷങ്ങളായി ഈ തെരുവോരത്ത് കച്ചവടം ചെയ്യുന്ന ഇവരെ പുനരധിവസിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.എന്നാൽ അനധികൃത തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുക എന്നത് കൗൺസിൽ ഐക്യകണ്ഡേന എടുത്ത തീരുമാനമാണെന്നും നടപടിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നുമാണ് മേയർ പി.ഇന്ദിര വ്യക്തമാക്കിയത്. നേരത്തെയുള്ള നിലപാടിൽ നിന്നും പ്രതിപക്ഷം പിന്നാക്കം പോകുകയാണെന്ന ആരോപണവും മേയർ ഉന്നയിച്ചു.തെരുവോര കച്ചവടക്കാർക്ക് മറ്റൊരു സംവിധാനം ഒരുക്കും.എന്നാൽ തെരുവോരത്ത് ഭക്ഷണം വിൽക്കുന്ന അനധികൃത കടകളെ തുടരാൻ അനുവദിക്കില്ലെന്നും മേയർ വിശദീകരിച്ചു.

'തെരുവോര ഭക്ഷണം പ്രോത്സാഹിപ്പിക്കാനാകില്ല"

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തെരുവോര ഭക്ഷ്യവിൽപന ശാലകൾക്കെതിരെ ദിനംപ്രതി നിരവധി പരാതികളാണ് കോർപറേഷനിലെത്തുന്നതെന്ന് പറഞ്ഞായിരുന്നു മേയർ പി.ഇന്ദിര നടപടിയെ ന്യായീകരിച്ചത്. ഉപയോഗിക്കുന്ന വെള്ളം, എണ്ണ, ഭക്ഷ്യസാധനങ്ങൾ എന്നിവയെ കുറിച്ചെല്ലാം പരാതികൾ ഉയരുന്നുണ്ട്. മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഭക്ഷ്യശാലകൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. തെരുവോരകച്ചവട പരിധിയിൽ അല്ലാതെ പ്രവർത്തിക്കുന്ന കടകകൾ ഭീഷണിയുയർത്തുന്നതാണെന്നും മേയർ പറഞ്ഞു .താഴെചൊവ്വയിൽ ഇത്തരം 17 കടകൾക്ക് സ്റ്റേ ഓർഡർ നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി വിനു.സി.കുഞ്ഞപ്പനും പറഞ്ഞു. ഈ കടകളുടെ പിന്നിൽ വലിയൊരു മാഫിയ വിംഗ് ഉണ്ടെന്നും ചില സ്വകാര്യ വ്യക്തികൾ പ്രതിമാസം 50000 മുതൽ 80000 രൂപ വരെ വാടക കച്ചവടക്കാരിൽ നിന്നും ഈടാക്കുന്നുണ്ടെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പൊലീസ്

കോർപറേഷൻ പരിധിയിൽ പല സ്ഥലത്തും ചാക്കിലും മറ്റുമായി മാലിന്യം തള്ളുന്ന ടാങ്കർ ലോറികളെ കുറിച്ച് പൊലീസിന്റെ സഹായത്തോടെ അന്വേഷിക്കുമെന്നും മേയർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സി.സി.ടി.വി സ്ഥാപിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.പള്ളിക്കുന്നിലെ പെട്രോൾ പമ്പിന് സമീപമുള്ള 70 ഓളം വീടുകളിലെ കിണറുകളിൽ നിന്നും പെട്രോൾ വെള്ളം എടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് കൗൺസിലർ അനൂപ് ബാലൻ പറഞ്ഞു. പമ്പിന്റെ ലൈസൻസ് റദ്ദാക്കാൻ സർക്കാരിലേക്ക് അപേക്ഷ നൽകണമെന്നും അനൂപ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL