
കൊട്ടിയൂർ: കൊട്ടിയൂർ മന്ദംചേരി ടൗണിന് സമീപം കാട്ടാനയിറങ്ങി. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് കാട്ടാന മന്ദം ചേരി ടൗണിന് സമീപമുള്ള കൃഷിയിടത്തിലെത്തി വിളകൾ നശിപ്പിച്ചത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നും പുഴ മുറിച്ചു കടന്ന കാട്ടാന വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുത വേലിക്ക് താഴെ ഭാഗത്തുകൂടിയാണ് ജനവാസ മേഖലയിൽ എത്തിയത്. മന്ദംചേരിയിലെ പൊയ്യിലത്ത് അനീഷിന്റെ വീടിന് മുൻവശത്തെ വാഴകൾ നശിപ്പിച്ച ശേഷമാണ് വനത്തിലേക്ക് മടങ്ങിയത്.
നിരവധി പേർ താമസിക്കുന്ന സ്ഥലത്താണ് കാട്ടാനയെത്തിയത്.മന്ദംചേരി ടൗണിന് 100 മീറ്ററോളം അടുത്തുള്ള വീടിന് മുറ്റത്ത് കാട്ടാനയെത്തിയതോടെ ജനങ്ങൾ ഭീതിയിലായി.
ഭീഷണിയിൽ ഉന്നതിയും
ആനയിറങ്ങിയതിന് തൊട്ടടുത്താണ് മന്ദംചേരി ഉന്നതിയും സ്ഥിതിചെയ്യുന്നത്. ആന കാട്ടിലേക്ക് മടങ്ങിയെങ്കിലും ജനങ്ങൾ ആശങ്കയിലാണ്. ആനകടന്നുവന്നത് നിത്യേന നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴിയിലൂടെയാണ്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ഭയംകൂടാതെ ജീവിക്കാൻ അവസരമൊരുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവം അറിഞ്ഞ് വനപാലകർ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |