കണ്ണൂർ: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ തീവ്രയജ്ഞ പരിശോധനകൾ ആഗസ്ത് ഒന്നിന് രാവിലെ 6 മുതൽ 31ന് രാത്രി 12 മണി വരെ നടത്തും.
മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ഒരു എക്‌സൈസ് പ്രിവന്റിവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അതാത് സമയംതന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മിഷണർ അറിയിച്ചു.
ജില്ലയിലെ താലൂക്ക് പരിധികളിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തനം തുടങ്ങും. ഇതിൽ ഒരു എക്‌സൈസ് ഇൻസ്‌പെക്ടർ, ഒരു പ്രിവന്റിവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ വാഹന സഹിതം ഉണ്ടായിരിക്കും. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തും.
മദ്യ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികൾ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.
ഡിവിഷനൽ കൺട്രോൾ റൂം,
04972 706698.
താലൂക്ക്തല കൺട്രോൾ റൂം
1. കണ്ണൂർ 04972 749973,
2. തളിപ്പറമ്പ് 04960 201020
3. കൂത്തുപറമ്പ് 04902 362103,
4. ഇരിട്ടി 04902 472205
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |