SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

വീണ്ടും കനത്ത മഴ ; താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി

urul-pottal

13 പേരെ ക്യാമ്പുകളിലേക്ക് മാറ്റി

ഉദയഗിരി : താളിപാറ തൊണ്ടൻകുന്നിൽ ഇന്നലെ ഉച്ചയോടെ വീണ്ടും ഉരുൾപൊട്ടി. മൂന്നു കുടുംബങ്ങളിലെ എട്ടോളം ആളുകളെ ബന്ധുവീടുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉരുൾ പൊട്ടലുണ്ടായ സ്ഥലത്തിനു സമീപത്താണ് പുതിയതായി ഉരുൾ പൊട്ടിയത്.

മലവെള്ളം കുത്തിയൊലിച്ച് ഉദയഗിരി താളിപ്പറ താബോർ റോഡിന് നാശം നഷ്ടം നേരിട്ടിരുന്നു. അതേ പ്രദേശത്തുകൂടിയാണ് മലവെള്ളം കുത്തിയൊഴുകുന്നത്. ഇത്തവണ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.
പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്ത് എത്തി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനു നേതൃത്വം നൽകി.

ഉരുൾപ്പൊട്ടിയതിനെ തുടർന്ന് പ്രദേശത്തെ ആറ് കുടുംബങ്ങളിലെ 19 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. താബോർ സെന്റ് ജോസഫ്സ് ചർച്ചിന്റെ പാരിഷ് ഹാളിലാണ് ഇവർക്കുള്ള താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച ഈ പ്രദേശത്ത് ശക്തമായ ഉരുൾ പൊട്ടലുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ ശക്തമായ മഴ പെയ്തതിന് പിന്നാലെ ഉച്ചയോടെ വീണ്ടും ഉരുൾ പൊട്ടിയതിനെ തുടർന്നാണ് സുരക്ഷാ നടപടിയെന്ന നിലയിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. തളിപ്പറമ്പ് തഹസിൽദാർ, ഉദയഗിരി വില്ലേജ് ഓഫീസർ, ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവിരുൾപ്പെടെയുള്ളവർ ക്യാമ്പിലെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ചെമ്പേരിയിലും അയ്യൻകുന്നിലും റെക്കോർഡ് മഴ

കണ്ണൂർ:മലയോര മേഖലയായ ചെമ്പേരിയിലും അയ്യൻകുന്നിലും ലഭിച്ചത് റെക്കോർഡ് മഴ. ഇന്നലെ രാവിലെ 8.30 മുതൽ ഏഴ് മണിക്കൂറിനുള്ളിൽ ചെമ്പേരിയിൽ 96 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ അളവാണിത്. തൊട്ടടുത്ത അയ്യൻകുന്നിൽ 88 മില്ലി മീറ്റർ മഴയും രേഖപ്പെടുത്തി.

ആറളം, കെ.വി.കെ പന്നിയൂർ, പെരിങ്ങോം, പിണറായി, ചെറുവാഞ്ചേരി എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി. അയ്യൻകുന്നിൽ പുലർച്ചെയും കനത്ത മഴ പെയ്തു.ജില്ലയിൽ മൂന്ന് ക്യാമ്പുകളിലായി 50 പേരാണ് കഴിയുന്നത്.

തലശ്ശേരി വാടിക്കകം മുഹമ്മദ് ഷറഫുദ്ദീന്റെ വീടിന് മുകളിൽ തേക്ക്, മഹാഗണി മരങ്ങൾ വീണ് വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. ചെറുവാഞ്ചേരി കല്ലുവളപ്പ്, തൈപറമ്പത്ത് ശോഭയുടെ വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചു.വീടിന് സമീപം വെള്ളം കയറിയ സാഹചര്യത്തിൽ കോളയാട്, കറ്റിയാട് പി.സി.ബിജുവിന്റെ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റിപാർപ്പിച്ചു. വെള്ളർവള്ളി വില്ലേജിൽ തൊണ്ടിയിൽ പാനിക്കുളം ബിജുവിന്റെ വീട് ഭാഗികമായി തകർന്നു.

അപകടഭീഷണിയിൽ പയ്യാവൂരിലെ പാലങ്ങൾ

മഴക്കെടുതിയിൽ ദുരിതമൊഴിയാതെ നിൽക്കുമ്പോഴും അപകട ഭീഷണി ഉയർത്തി പയ്യാവൂർ പഞ്ചായത്തിൽ നാലുപാലങ്ങൾ. പയ്യാവൂർ, പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടകശ്ശേരി പാലം, ചന്ദനക്കാംപാറ ആനയടി പാലം, വണ്ണായി കടവ് പാലം, ആലിൻ പാറത്തോട് വാതിൽമട പാലം എന്നിവയാണ് അപകട ഭീഷണി ഉയർത്തുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ചന്ദനക്കാംപാറ ആനയടി പാലം പൂർണമായും തകർന്നിരുന്നു. തകർന്ന പാലം കടക്കാൻ നാട്ടുകാർ താൽക്കാലികമായി മരത്തടിൾ വച്ചുകെട്ടിയാണ് സഞ്ചരിക്കുന്നത്. ബസുൾപ്പെടെ സർവിസ് നടത്തുന്ന കണ്ടകശ്ശേരി പാലം നേരത്തെ ജീർണാവസ്ഥയിലാണ്. പാലത്തിന്റെ അടിഭാഗത്ത് വിള്ളൽ വ്യാപിച്ചിട്ടുണ്ട്. കൈവരികളും തകർന്ന നിലയിലാണ്. തൂണുകൾക്ക് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL