
നടുവിൽ: വയലറ്റ് കലർന്ന നീല നിറത്തിൽ ഓണക്കാലത്ത് വസന്തം തീർക്കുന്ന വടക്കെ മലബാറിലെ ഇടനാടൻ ചെങ്കൽകുന്നുകളിൽ ഇക്കുറി നിരാശയുടെ ചിത്രം.പലതരത്തിലുള്ള കൈയേറ്റവും കാലാവസ്ഥാ വ്യതിയാനവും വടക്കിന്റെ വിസ്മയമായ കാക്കപ്പൂക്കളെ ഭീഷണമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ മാടായിപാറ, കാസർകോട് ജില്ലയിലെ കരിന്തളം പാറ എന്നിങ്ങനെ അതിവിശാലമായ കാക്കപ്പൂ ശേഖരമുള്ള ചെങ്കൽപ്പാറകൾ സന്ദർശകർക്കും നാട്ടുകാർക്കും വിരുന്നായിരുന്നു. കാസർകോട് മുളിയാർ മുതലപ്പാറ, കല്ലിയോട്ട്, ചെറക്കാപ്പാറ, കയ്യൂർ–ചീമേനി ഗ്രാമപഞ്ചായത്ത്, പെരിയ എന്നിവിടങ്ങളിലും ഇവ ധാരാളമായി വളരുന്നു.വ്യാപകമായ ചെങ്കൽ ഖനനവും കൈയേറ്റവും മൂലം ചുരുക്കം ഇടങ്ങളിൽ മാത്രമാണ് ഇക്കുറി കാക്കപൂവുകൾ വിരിഞ്ഞിരിക്കുന്നത്.ഈ വർഷം മാടായിപ്പാറയിൽ കാക്കപ്പൂക്കൾ വലിയ തോതിൽ വിരിഞ്ഞിട്ടില്ല. മറ്റിടങ്ങളിലും സ്ഥിതി ഇതു തന്നെയാണ്. അപൂർവമായി കുറച്ചിടങ്ങൾ മാത്രമാണ് ഇതിന് അപവാദം.ആഗസ്ത് മുതൽ ഒക്ടോബർ വരെയാണ് കാക്കപ്പൂവുകളുടെ കാലം.
കടൽ കടന്ന കാക്കപ്പൂ പെരുമ
വടക്കെ മലബാറിലെ ഓണപ്പൂക്കളത്തിൽ ഇടംപിടിക്കുന്ന പ്രധാന പൂക്കളാണ് കാക്കപ്പൂ. യുട്രിക്കുലേറിയ വെറ്റിക്കുലേറ്റ എന്നാണ് ശാസ്ത്രനാമം. ഒരു ഇരപിടിയൻ സസ്യമാണിത്. വളരെ സൂക്ഷ്മ ജീവികളെ ഇവയുടെ പൂക്കളിലെക്കാകർഷിച്ച് ആഹരിക്കുന്നു. കേരളത്തിലെ സസ്യ ജീവജാലങ്ങളെക്കുറിച്ച് രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ ഈ ചെടിയെക്കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെമ്പാടുമായി 230 ലധികം സ്പീഷിസുകളുണ്ട്. ഇന്ത്യയിൽ നാൽപതും കേരളത്തിൽ 23 ഇനങ്ങളും കാണപ്പെടുന്നു. അരമീറ്റർ വരെ ഉയരത്തിൽ ചെടികൾ വളരാറുണ്ട്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽ ചുവപ്പു വിഭാഗത്തിൽ പെടുത്തപ്പെട്ടവയാണ്. കേരളത്തിൽ നെൽവയലുകളിലും ഈർപ്പമുള്ള സ്ഥലങ്ങളിൽ പുല്ലിനോടൊപ്പവും ഇവ വളരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |