മോചിപ്പിച്ചത് മലയാളികൾ അടക്കം 18 പേരെ
കാസർകോട്: ഹാസനിലെ ഇഞ്ചിക്കൃഷിയിടത്തിൽ കൂലി പോലും ലഭിക്കാതെ അടിമവേല ചെയ്യിപ്പിച്ച സംഭവത്തിൽ കേസെടുത്ത ഹാസൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ട് മലയാളികളടക്കം പതിനെട്ടു തൊഴിലാളികളെയാണ് കർണാടക പൊലീസും റവന്യൂ ഉദ്യോഗസ്ഥരും റെയ്ഡ് ചെയ്തു മോചിപ്പിച്ചത്. ഉടമയ്ക്കും ഇടനിലക്കാർക്കെതിരെയുമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.
കാസർകോട് പുത്തിഗെ സ്വദേശി ഉദയകുമാറും കൊല്ലം സ്വദേശി അനിലുമാണ് രക്ഷപ്പെട്ട മലയാളികൾ. കാപ്പിത്തോട്ടത്തിൽ ജോലി വാഗ്ദാനം ചെയ്ത് പരസ്യം നൽകി ഒരു വർഷം മുമ്പാണ് ഇവരെ കൊണ്ടുപോയത്. ശരിയായ ഭക്ഷണം നൽകാതെയും ക്രൂരമായി മർദ്ദിച്ചും ഷെഡിൽ പൂട്ടിയിട്ടുമാണ് കൃഷിയുടമയും ബന്ധുക്കളും നിർബന്ധിത ജോലി ചെയ്യിച്ചിരുന്നത്. ഹാസൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് എം. തമ്മയ്യയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി ഇവരെ രക്ഷിച്ചത്.
മൂന്ന് പാർട്ണർമാരും അവരുടെ ബന്ധുക്കളും ചേർന്ന് നടത്തുന്ന ഇഞ്ചിത്തോട്ടത്തിൽ ഒഡീഷ, ബീഹാർ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കൊപ്പമാണ് മലയാളികളും അകപ്പെട്ടത്. ഹാസൻ ജില്ലയിലെ ഹലേബീഡു സമീപമുള്ള ചട്നഹള്ളി ഗ്രാമത്തിലെ ഇഞ്ചി കൃഷിയിടത്തിലെ ഒറ്റ ഷെഡിലാണ് തടവിന് തുല്യമായ രീതിയിൽ താമസിപ്പിച്ചിരുന്നത്.
നേരത്തെ ഇവിടെ നിന്ന് രക്ഷപ്പെട്ട കർണാടക സ്വദേശിയായ തൊഴിലാളിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് അധികൃതർ റെയ്ഡ് നടത്തിയത്. ഹാസൻ പഞ്ചായത്തിലെ മൂന്ന് ഡെവലപ്‌മെന്റ് ഓഫീസർമാരും വികസന എന്ന എൻ.ജി.ഒയുടെ പ്രതിനിധിയുമാണ് ഉദയകുമാറെ കാസർകോട് കളക്ടറേറ്റിൽ എത്തിച്ചത്. ജില്ലാ കളക്ടർ ഇല്ലാതിരുന്നതിനാൽ എ.ഡി.എം കെ.വി. ശ്രുതിക്ക് കത്ത് കൈമാറി. ബന്ധു ധനഞ്ജയയെ വരുത്തി ഉദയകുമാറിനെ വീട്ടിലേക്ക് വിട്ടയച്ചു.
ഷെൽട്ടറിൽ പൂട്ടിയിടും, ചാട്ടവാറിന് അടിക്കും
പൂട്ടിയിട്ട ഷെൽട്ടറിൽ നിന്ന് രാവിലെ ആറിന് പിക്കപ്പ് വാനിൽ കയറ്റി പണിസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് ഉദയകുമാർ വെളിപ്പെടുത്തി. മൂന്ന് ദിവസം വരെ പഴക്കമുള്ള സാമ്പാർ അടക്കം ഒരു നേരം മാത്രമാണ് ചോറ് നൽകിയിരുന്നത്. എതിർക്കുന്നവർക്ക് ചാട്ടവാർ കൊണ്ട് ക്രൂരമായ മർദ്ദനമേൽക്കേണ്ടിവരും. കൃഷിയുടമയുടെ കുടുംബത്തിലെ സ്ത്രീകളും അടിക്കുമെന്ന് തൊഴിലാളികൾ വെളിപ്പെടുത്തി. ഷെൽട്ടറിൽ നിന്ന് ചാടാതിരിക്കാൻ രാവും പകലും കാവൽ നിൽക്കും.
‘ബോണ്ടഡ് ലേബർ സിസ്റ്റം'
അൻപത് വർഷം മുമ്പു വരെ രാജ്യത്തെ ഇഷ്ടികചൂളകളിലും മറ്റും നിലനിന്നിരുന്ന ബോണ്ടഡ് ലേബർ സമ്പ്രദായത്തിന്റെ മാതൃകയാണ് ഈ നിർബന്ധിത ജോലിയെന്നാണ് സൂചന. കടം തിരിച്ചടയ്ക്കാനോ മുൻകൂർ പണം കൈപ്പറ്റിയാലോ ഒരു വ്യക്തിയെ ജോലി ചെയ്യാൻ നിർബന്ധിതനാക്കുന്ന വ്യവസ്ഥയാണ് ബോണ്ടഡ് ലേബർ സിസ്റ്റം. കുറഞ്ഞ വേതനവും പരിമിതമായ സഞ്ചാരവും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. തൊഴിലാളി കുടുംബങ്ങളെ തലമുറകളായി ഇത്തരത്തിൽ ജോലി ചെയ്യിപ്പിച്ചിരുന്നു. ആർട്ടിക്കിൾ 23(1)പ്രകാരം മനുഷ്യക്കടത്ത്, അടിമത്തം, യാചക ജോലി, എന്നിവയുടെ ഗണത്തിലാണ് ബോണ്ടഡ് ലേബർ സിസ്റ്റം. 1976ലെ ബോണ്ടഡ് ലേബർ സിസ്റ്റം അബോളിഷൻ ആക്ടിലൂടെ ഇന്ത്യ നിരോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |