കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ച ജില്ലാ ആശുപത്രിയിൽ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി അടുത്തമാസം ഒന്നിന് ആരംഭിക്കും. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് അറിയിച്ചു.
പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശം നൽകി. സ്കൂൾ തുറക്കുന്നതിന് മുമ്പ് അടിയന്തരമായി സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ചു ഫിറ്റ്നസ് നൽകാനും മൺസൂണിന് മുൻപ് അപകടകരമായി കെട്ടിടത്തിന് സമീപം നിൽക്കുന്ന മരങ്ങൾ മുറിക്കാനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകി.
സ്കൂൾ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന കാടുവെട്ടിത്തെളിച്ച് ശുചീകരണ പ്രവർത്തനങ്ങൾ 25ന് പൂർത്തിയാക്കണം. സുരക്ഷാ വീഴ്ചയുള്ള സ്കൂൾ കെട്ടിടങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർമാർക്ക് നിർദ്ദേശം നൽകി. നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതികൾ ഈ വർഷം തന്നെ പൂർത്തീകരിക്കണം. പുതിയ പദ്ധതികളുടെ എസ്റ്റിമേറ്റ് അടുത്ത മാസം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. വിദ്യാഭ്യാസ മേഖലയിലെ ജില്ലാ പഞ്ചായത്ത് വിളിക്കുന്ന യോഗങ്ങളിൽ ഇനിമുതൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾമാരും പങ്കെടുക്കണം. ജില്ലാ പഞ്ചായത്തിന്റെ ഓക്സിജൻ പ്ലാന്റ് നടത്തിപ്പിന് സ്ഥാപനങ്ങളെ ക്ഷണിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണൻ ഒക്ലാവ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീനാ തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |