SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.53 AM IST

മട്ടലായി ശ്രീരാമ ക്ഷേത്രത്തിലെ ഒരിക്കലും വറ്റാത്ത കുളം സംരക്ഷണം തേടുന്നു

kulam
ചെറുവത്തൂർ മട്ടലായി ശ്രീരാമ ക്ഷേത്രത്തിലെ വേനലിലും വറ്റാത്ത കുളം പായൽ നിറഞ്ഞ് ഉപയോഗ ശൂന്യമായ നിലയിൽ

ചെറുവത്തൂർ: മട്ടലായി ശ്രീരാമക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കുളം പുനരുദ്ധാരണം നടത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. കടുത്ത വേനലിലും വറ്റാത്ത ഈ കുളം ചരിത്രപ്രാധാന്യമുള്ളതാണ്. കൃഷിക്കാർക്കും നാട്ടുകാർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന കുളത്തിന് ഒരേക്കർ വിസ്തൃതിയുണ്ട്.

പരിസരവാസികൾ കൃഷിക്കും മറ്റാവശ്യങ്ങൾക്കും വെള്ളത്തിനായി ഉപയോഗിച്ചു വന്നിരുന്നതാണ് കുളം. പായൽ മൂടി കിടക്കുന്നതു കാരണം കുളത്തിലെ വെള്ളം ആർക്കും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. 300 കൊല്ലമെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്ന കുളം മുമ്പ് ആറാട്ടുകുളവുമായിരുന്നു. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ നിന്നും ആറാട്ട് എഴുന്നെള്ളത്തെത്തി കുളത്തിൽ കുളിച്ച ശേഷം ശ്രീരാമ ക്ഷേത്രത്തിൽ താമസിച്ചു പിറ്റേദിവസമാണ് പോയിരുന്നത്. ക്ഷേത്രത്തിൽ പൂജ നടത്തിയാൽ ചൂടുള്ള നിവേദ്യം കുളത്തിന്റെ കരയിൽ കൊണ്ടുവയ്ക്കാറുണ്ടെന്നും അത് ഭക്ഷിക്കാൻ വാനരന്മാർ എത്താറുണ്ടായിരുന്നുവെന്നും പഴമക്കാർ പറയുന്നു.

കാലങ്ങളായി ക്ഷേത്രകമ്മിറ്റി താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇതുവരെയും കുളം സംരക്ഷിച്ചത്. പ്രത്യേകം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കുളം പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കിയാൽ ക്ഷേത്രത്തിന്റെ ആവശ്യത്തിന് മാത്രമല്ല, കാർഷിക ആവശ്യത്തിനും നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയും. കുളം നല്ലരീതിയിൽ പുതുക്കിപ്പണിയാൻ ക്ഷേത്രക്കമ്മിറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്.

300 കൊല്ലം പഴക്കം, ഒരേക്കർ വിസ്തൃതി

ശ്രീരാമ ക്ഷേത്രം നിർമ്മിച്ചുവെന്ന് കരുതുന്ന കാലഘട്ടത്തിൽ വനഭൂമിയും കൃഷിയിടവും തോടുമായിരുന്ന മട്ടലായി പ്രദേശം. ചങ്ങാടത്തിൽ കല്ലുകൾ കയറ്റികൊണ്ടുവന്ന് ഇറക്കിവെച്ചാണ് പ്രസിദ്ധമായ ഈ കുളം പണിതത്. ഒരേക്കൽ വിസ്തൃതിയിൽ പണിത കുളത്തിന് 300 വർഷത്തെ പഴക്കം കണക്കാക്കുന്നു. ആനകളെ എത്തിച്ചാണ് ക്ഷേത്രം പണിയാനുള്ള കരിങ്കല്ലുകളും സാധനങ്ങളും എത്തിച്ചതെന്നാണ് ഐതിഹ്യം. കൃഷ്ണശിലയിൽ പണിത ഒറ്റക്കല്ലിൽ ആണ് ശ്രീകോവിൽ സ്ഥാപിച്ചിട്ടുള്ളത്.

ചരിത്ര പ്രാധാന്യമേറെയുള്ള കുളം നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്ക് നിവേദനം നൽകിയിട്ടുണ്ട്. ചുറ്റുമതിലും കുളക്കടവുകളും പടവുകളും പണിത് കുളം പുനരുദ്ധരിക്കാൻ ചുരുങ്ങിയത് 35 ലക്ഷത്തോളം രൂപ വേണ്ടിവരും. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് കരുതുന്നു. ശ്രീരാമ ഭക്തരുടെ സഹായവും പ്രതീക്ഷിക്കുന്നു.

ഉഗ്രൻ കാനായി (ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SREERAMA KSHETHRAM KULAM STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL