
കൊല്ലം: കശുവണ്ടി തൊഴിലാളിയായ അമ്മയ്ക്കൊപ്പം സമരമുഖത്ത് തീപ്പൊരി പ്രാസംഗികനായിരുന്ന എ.വേണു ഇന്ന് മെഡിക്കൽ വിദ്യാർത്ഥി. ഇ.എസ്.ഐ.സിയിൽ രജിസ്റ്റർ ചെയ്ത കശുഅണ്ടി തൊഴിലാളികളുടെ മക്കൾക്ക് ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ നിഷേധിക്കുന്നതിനെതിരെ കാഷ്യു കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇ.എസ്.ഐ.സി റീജിയണൽ ഓഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത വേണു അന്ന് നടത്തിയ തീപ്പൊരി പ്രസംഗം തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ആവേശമായിരുന്നു.
പിന്നീട് കാഷ്യു കോർപ്പറേഷന്റെ കരുതലിൽ പാലക്കാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ ഒരാളായി. ഇപ്പോൾ അവിടെ ഹൗസ് സർജൻസി ചെയ്യുകയാണ്. വേണുവിന്റെ അമ്മ സുലേഖ കോർപ്പറേഷന്റെ കിളികൊല്ലൂർ ഫാക്ടറിയിലെ ഷെല്ലിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം വേണു കാഷ്യു കോൺക്ലേവ് ആലോചന യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചെയർമാൻ എസ്.ജയമോഹനും ഭരണസമിതി അംഗങ്ങളും വേണുവിനെ അനുമോദിച്ചു. കാഷ്യൂ കോൺക്ലേവിൽ മികച്ച തൊഴിലാളികളെയും തൊഴിലാളികളുടെ മക്കളിൽ മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |