SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

ആഞ്ഞടിക്കുന്നു ലഹരി​ക്കാറ്റ് ആടി​യുലഞ്ഞ് എക്സൈസ്!

കൊല്ലം: സ്കൂളുകൾ ഉൾപ്പെടെ കേന്ദ്രീകരി​ച്ച് ലഹരി​വി​രുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജി​തമായി​ മുന്നേറവേ, ജില്ലയിലെ എക്സൈസ് എൻഫോഴ്സ്മെന്റ് വി​ഭാഗം ആവശ്യത്തി​ന് വാഹനങ്ങളും ജീവനക്കാരുമി​ല്ലാതെ വലയുന്നു.

ആര്യങ്കാവ് ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തതിനാൽ പരിസരത്തെ വീടുകളിൽ വലിയ തുക വാടക നൽകിയാണ് ഉദ്യോഗസ്ഥർ കഴിയുന്നത്. ഇത്തരം ദുഷ്കരമായ സാഹചര്യങ്ങൾ കാരണം ഇവിടേക്ക് ജോലിക്ക് വരാൻ ജീവനക്കാർ തയ്യാറാകുന്നില്ല. ഇതിനുപുറമെ ഓഫീസുകളിൽ കൃത്യമായ ജോലി വിഭജനം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടി​ക്കുന്നു.

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിൽ കൃത്യമായ സംവിധാനങ്ങളി​ല്ല. പ്രതിസന്ധികൾ മറികടക്കാൻ ഓഫീസുകളിൽ എൻഫോഴ്സ്‌മെന്റ്, ഇൻവെസ്റ്റിഗേഷൻ എന്നിങ്ങനെ ഉദ്യോഗസ്ഥർക്ക് ചുമതലകൾ തിരിക്കേണ്ടതുണ്ട്. സർക്കിൾ ഓഫീസുകളിലെ പ്രവർത്തനം കേസ് അന്വേഷണത്തിലും ലൈസൻസ് നടപടികളിലും മാത്രമായി പരിമിതപ്പെടുത്തണം. അല്ലെങ്കിൽ റേഞ്ച് ഓഫീസുകളുടെ ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകി എൻഫോഴ്സ്മെന്റിനും അഡ്മിനിസ്ട്രേഷനും രണ്ട് ഇൻസ്പെക്ടർമാർ, രണ്ട് വാഹനങ്ങൾ, രണ്ട് ഡ്രൈവർമാർ എന്നിങ്ങനെ ആൾബലം വർദ്ധിപ്പിച്ച് സർക്കിൾ ഓഫീസുകൾ പുനഃസംഘടിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സർക്കിൾ, സ്ക്വാഡ് ഓഫീസുകളിൽ എടുക്കുന്ന കേസുകൾ അവിടെത്തന്നെ രജിസ്റ്റർ ചെയ്ത ശേഷം അപ്രൂവലിനായി മാത്രം റേഞ്ചുകളിലേക്ക് അയച്ചാൽ ജോലിഭാരം 60 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നാണ് വി​ലയി​രുത്തൽ. കൂടാതെ സർക്കിൾ ഓഫീസുകളിലെ എക്സൈസ് ഇൻസ്പെക്ടർമാർക്ക് കൂടി അന്വേഷണ ചുമതല നൽകിയാൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഇഴയുന്നു മിന്നൽ റെയ്ഡുകൾ

ലഹരിവേട്ടയ്ക്കായി മിന്നൽ പരിശോധനകൾ നടത്തേണ്ട റേഞ്ച് ഓഫീസുകളിൽ നിലവിൽ ഒരു ഔദ്യോഗിക വാഹനം പോലുമില്ലാത്ത അവസ്ഥയാണ്. അഞ്ചൽ, ചാത്തന്നൂർ, കൊല്ലം റേഞ്ച് ഓഫീസുകൾക്കും ആര്യങ്കാവ് അതിർത്തി ചെക്ക് പോസ്റ്റിനും വാഹനമില്ല. ഇതിനാൽ ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചാൽ പോകാനാകില്ല. വാഹനം വാടകയ്ക്കെടുക്കാൻ ഫണ്ടില്ലാത്തതിനാൽ ആ വഴി ചിന്തിക്കാറുമില്ല. ഇതിനാൽ വനിതാ ജീവനക്കാരുണ്ടെങ്കിലും റെയ്ഡുകളിലും വാഹനപരിശോധനകളിലും ഇവരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.

പൊലീസിന്റെ കനിവ് തേടി

ആധുനിക രീതിയിൽ ലഹരി വ്യാപാരം നടത്തുന്നവരെ കണ്ടെത്താൻ സൈബർ സെൽ വിംഗ് ഇല്ല

 പ്രതികളുടെ കോൾ ഡീറ്റെയിൽസ് ലഭിക്കാൻ ദിവസങ്ങളോളം പൊലീസിനെ ആശ്രയിക്കണം

 കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ തുടങ്ങിയ അത്യാവശ്യ ഓഫീസ് സാമഗ്രികൾ പോലും വാങ്ങാൻ ഫണ്ടില്ല

 ദൈനംദിന ഓഫീസ് ബില്ലുകൾ ചുവപ്പുനാടയിൽ കുരുങ്ങി മാറിക്കിട്ടുന്നില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL