കൊല്ലം: ബാറിലെ ജീവനക്കാരൻ തുറിച്ചുനോക്കിയത് ചോദ്യം ചെയ്ത യുവാക്കളെ ഹോക്കി സ്റ്റിക്കുകൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ, 7 ബാർ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം അരിനല്ലൂർ സ്വദേശികളായ ജോർജ് (28), സുഹൃത്ത് ഷിജോ (36) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11:30 ന് തേവലക്കര അരിനല്ലൂരിലെ ബാറിൽ മദ്യപിച്ച ശേഷം പുറത്തേക്കിറങ്ങാൻ എഴുന്നേറ്റ ജോർജിനെയും ഷിജോയെയും ബാറിലെ ജീവനക്കാരൻ തുറിച്ചുനോക്കിയത്രെ. ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാരൻ ഹിന്ദിയിൽ അസഭ്യം പറയുകയും മറ്റ് ജീവനക്കാർക്കൊപ്പം ചേർന്ന് മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ജോർജിന്റെ തലയിലും ഇടതുചെവിയുടെ പിന്നിലും തോളിലും അടിച്ചു പരിക്കേൽപ്പിച്ചു. ഷിജോയുടെ കൈവിരലിലും മുതുകിലും അടിച്ചു. ആക്രമണത്തിനിടെ ജോർജിന്റെ മൊബൈൽ ഫോണും നശിപ്പിച്ചു.
ജോർജ് നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പോലീസ് ബാർ ജീവനക്കാരായ 7 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും സ്ഥിരമായി അക്രമ സംഭവങ്ങൾ നടക്കുന്ന ഇടമാണിതെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |