കൊല്ലം: കുട്ടിക്കാലത്തെ കള്ളനും പൊലീസും കളിക്കിടെ മനസിൽ മൊട്ടിട്ട പൊലീസ് മോഹം പൂത്തുലഞ്ഞപ്പോൾ, ചേച്ചിയും അനിയനും ഒരേ ദിവസം കേരള പൊലീസിന്റെ ഭാഗമായി. കടയ്ക്കൽ മടത്തറ ശിവൻമുക്ക് വട്ടവിള വീട്ടിൽ എ.വിജയകുമാറിന്റെയും എസ്.സതിയുടെയും മക്കളായ എസ്.പ്രിയങ്കയും (30), വി.പ്രജിത്തുമാണ് (27) പൊലീസ് കുപ്പായമണിഞ്ഞത്.
കേന്ദ്ര സർക്കാരിന്റെ ടീ ബോർഡിൽ നിന്ന് വിരമിച്ച അച്ഛൻ വിജയകുമാറിന്റെ ആഗ്രഹമായിരുന്നു മക്കളെ പൊലീസാക്കണം എന്നത്. വിവാഹ ശേഷം കുണ്ടറ പേരയത്തെ ഭർത്താവിന്റെ വീട്ടിലായിരുന്നിട്ടും പ്രിയങ്ക അച്ഛന്റെയും തന്റെയും ഉള്ളിലുണ്ടായിരുന്ന ആഗ്രഹം കെടാതെ സൂക്ഷിച്ചു. നാട്ടിൽ സ്പോർട്സ് ഷോപ്പ് നടത്തിയിരുന്ന അനിയൻ പ്രജിത്തിനൊപ്പം മത്സരിച്ചു പഠിച്ചാണ് ഇരുവരും ഒന്നിച്ച് സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ 23ന് കഴക്കൂട്ടം വുമൺസ് സിവിൽ പൊലീസ് വിഭാഗത്തിൽ നിന്നു പ്രിയങ്കയും പേരൂർക്കട സിവിൽ പൊലീസ് ഓഫീസർ വിഭാഗത്തിൽ നിന്നു പ്രജിത്തും പരിശീലനത്തിനായി പുറപ്പെട്ടു. കണ്ണൂർ പൊലീസ് ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.
ഒപ്പം നിന്നു കുടുംബം
നിലമേൽ എൻ.എസ്.എസ് കോളേജിൽ നിന്നു ബി.കോം കഴിഞ്ഞ പ്രിയങ്ക പി.എസ്.സി പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഭർത്താവും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ കുണ്ടറ പേരയം ആർ.എസ് പുരം അരുൺ നിവാസിൽ വി.കെ.അരുണിന്റെ പൊലീസ് മോഹം കൂടിയാണ് പ്രിയങ്കയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. അരുൺ പൊലീസ് ഫിസിക്കൽ ടെസ്റ്റ് പാസായതാണ്. എന്നാൽ ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ ജോലി ലഭിച്ചില്ല. യു.കെ.ജി വിദ്യാർത്ഥിനിയായ മകൾ അവന്തികയുടെ കാര്യങ്ങൾ കൂടി നോക്കിയ ശേഷമായിരുന്നു പ്രിയങ്കയുടെ പഠനം.
പുനലൂർ പോളി ടെക്നിക് കോളേജിൽ നിന്നു ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ളോമ നേടിയ പ്രജിത്ത് മികച്ചൊരു ഫുട്ബോൾ താരമാണ്. മടത്തറയിൽ സ്പോർട്സ് ഉത്പന്നങ്ങളുടെ ഷോപ്പ് നടത്തുന്നതിനിടയിലാണ് പി.എസ്.സി കോച്ചിംഗ് ക്ളാസിന് പോയിരുന്നത്. ഇരട്ട സഹോദരൻ വി.പ്രവീണിന്റെ പ്രോത്സാഹനമുണ്ടായിരുന്നു. പ്രവീൺ ജേണലിസവും പി.ജിയും കഴിഞ്ഞ് ഇപ്പോൾ എറണാകുളത്ത് തേർഡ് എ ഫാക്ടേഴ്സിൽ ജീവനക്കാരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |