കൊല്ലം: മാവേലി സ്റ്റോറുകളിലെ 13 ഇനം ശബരി സബ്‌സിഡി സാധനങ്ങളും അക്ഷയ സേവനവും റേഷൻ കടകൾ വഴി ലഭ്യമാക്കി, വ്യാപാരികൾക്ക് അധിക വരുമാനമെന്ന വാഗ്ദാനത്തോടെ ആരംഭിച്ച 'കെ സ്റ്റോർ' ബാദ്ധ്യതയായി. ജില്ലയിൽ 194 റേഷൻ കടകളിലാണ് കെ സ്റ്റോർ പ്രവർത്തനമുള്ളത്. എന്നാൽ സബ്‌സിഡി ഇനങ്ങൾ ലഭ്യമാക്കുന്നതിലെ കാലതാമസം പദ്ധതിയെ തകിടം മറിക്കുകയാണ്.
2024 മേയ് 14ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ സ്റ്റോർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. റേഷൻ കടകളിൽ സബ്‌സിഡി സാധനങ്ങൾ നൽകിയാൽ, തങ്ങളുടെ സ്റ്റോറുകളിൽ ബിസിനസ് കുറയുമെന്ന് വാദിച്ച് ശബരി ഉത്പന്നങ്ങളുടെ 'മൊത്തക്കച്ചവട'ക്കാരായ സപ്ളൈകോ ആദ്യംതന്നെ ഉടക്കുണ്ടാക്കി. സാധനങ്ങൾ എടുക്കാൻ റേഷൻ വ്യാപാരികൾക്ക് 45 ദിവസത്തെ ക്രെഡിറ്റ് സൗകര്യം പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ല. ഇപ്പോൾ സ്വന്തം കൈയിൽ നിന്ന് റെഡി ക്യാഷ് നൽകി മാവേലി ഡിപ്പോകളിൽ പോയി സാധനങ്ങൾ എടുക്കേണ്ട അവസ്ഥയാണ്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾ വിതരണം ചെയ്യുമ്പോൾ അവരുടെ ഔട്ട്‌ലെറ്റുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കുമാണ് മുൻഗണന. ശേഷം മാത്രമാണ് കെ-സ്റ്റോറുകളിലേക്ക് എത്തുന്നത്.
ആവശ്യക്കാരുണ്ടായിട്ടും സാധനമില്ലാത്തതിനാൽ ഉപഭോക്താക്കളെ ദിവസവും മടക്കി അയക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. കെ-സ്റ്റോറിലെ മറ്റ് ഉത്പന്നങ്ങൾക്കെല്ലാം പൊതുവിപണിയിലെ വിലയാണ്. അതുകൊണ്ട് അവയ്ക്ക് ആവശ്യക്കാരുമില്ല.
വ്യാപാരികൾക്ക് പണി വന്ന വഴി
വാഗ്ദാനം ചെയ്ത അക്ഷയ കേന്ദ്രങ്ങൾക്ക് പകരം സംസ്ഥാന സർക്കാരിന്റെ പ്രധാന സേവനങ്ങളില്ലാത്ത സി.എസ്.സി സെന്ററുകൾ അനുവദിച്ചതിനാൽ ജനം സമീപിക്കുന്നില്ല
സി.എസ്.സി സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറായവർക്ക് 3 ലക്ഷത്തോളം ചെലവായി
പലിശരഹിത വായ്പകൾ നൽകുമെന്ന ഉറപ്പ് സർക്കാർ പാലിച്ചില്ല
5 കിലോയുടെ ഛോട്ടാ ഗ്യാസ് വില്പനയ്ക്കെടുത്തെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ചെലവില്ല
തുടക്കത്തിൽ 350 ചതുരശ്ര അടി സ്ഥലം വേണമെന്ന നിബന്ധന മൂലം വലിയ വാടകയ്ക്ക് അധിക മുറികൾ എടുത്തു, പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.
സ്വകാര്യ ഉത്പന്നങ്ങൾ കാലാവധി കഴിഞ്ഞാൽ തിരിച്ചെടുക്കുമെങ്കിലും മിൽമ, ശബരി സാധനങ്ങൾ തിരിച്ചെടുക്കില്ല
പ്രത്യേകം പണം അടയ്ക്കേണ്ട എന്നതിനാൽ ആരും പദ്ധതിയിൽ നിന്ന് പിന്മാറുന്നില്ല
കുറഞ്ഞ വിലയ്ക്കുള്ള ശബരി സാധനങ്ങൾ അന്വേഷിച്ചാണ് ദിവസവും ആളുകൾ വരുന്നത്. ഇല്ലെന്ന് പറഞ്ഞ് മടുത്തു. സാധനം വരാൻ വൈകുമ്പോൾ ആളുകളെ വെറുംകൈയോടെ പറഞ്ഞയയ്ക്കേണ്ടി വരുന്നു
റേഷൻ വ്യാപാരി
....................................
കശുഅണ്ടി ഉൾപ്പെടെയുള്ളവ ലഭ്യമാക്കാൻ കോർപ്പറേഷനുമായി ചർച്ചകൾ നടക്കുന്നുണ്ട്. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങൾ ഇപ്പോൾത്തന്നെ വിൽപ്പനയ്ക്കുണ്ട്. ആവശ്യമായ മാറ്റങ്ങൾ പരിഗണിക്കും
പൊതുവിതരണ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |