SignIn
Kerala Kaumudi Online
Friday, 10 July 2026 4.18 AM IST

മാനെ ഗരിഞ്ച: വളഞ്ഞ കാലുള്ള വി​സ്മയ താരം

mabe-

ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിൽ ഗോളുകൾക്കും വിജയങ്ങൾക്കുമപ്പുറം ചില കളിക്കാരുടെ ജീവിതം സിനിമാക്കഥകളെ വെല്ലും. അത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന ജീവിത കഥയുടെ ഉടമയായിരുന്ന ബ്രസീലിയൻ താരമായിരുന്നു മാനെ ഗരിഞ്ച.
പെലെയ്‌ക്കൊപ്പം ബ്രസീലിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് മാനെ ഗരിഞ്ച (Mané Garrincha). ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഡ്രിബ്ലർമാരിൽ ഒരാൾ. 'തുമ്പി' എന്നർത്ഥം വരുന്ന 'ഗരിഞ്ച' എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കളിക്കളത്തിലെ മാന്ത്രികത കണക്കിലെടുത്ത് ആനന്ദത്തിന്റെ ദൂതൻ (The Angel with Bent Legs / Alegria do Povo - Joy of the People) എന്നും വിളിക്കപ്പെട്ടു.
1933 ഒക്ടോബർ 28ന് ബ്രസീലിലെ ഒരു ദരിദ്ര കുടുംബത്തിലാണ് മാനുവൽ ഫ്രാൻസിസ്കോ ഡോസ് സാന്റോസ് (ഗരിഞ്ച) ജനിച്ചത്. ജന്മനാ ശാരീരിക വൈകല്യമുള്ളയാൾ. ഇടതുകാൽ ഉള്ളിലേക്ക് വളഞ്ഞിരുന്നു, വലതുകാലിനേക്കാൾ ആറ് സെന്റി മീറ്റർ നീളം കുറവ്. വളഞ്ഞ നട്ടെല്ല്. ഒരു ഫുട്ബാൾ കളിക്കാരനാകാൻ ഒട്ടും അനുയോജ്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ കാലുകളെയാണ് പിന്നീട് ലോകം ഭയന്നതും ആരാധിച്ചതും.
ബ്രസീലിയൻ ക്ലബ്ബായ ബൊട്ടാഫോഗോ (Botafogo) വഴിയാണ് ഗരിഞ്ച പ്രൊഫഷണൽ ഫുട്ബാളിലേക്ക് വരുന്നത്. ക്ലബിനായി 500ലധികം മത്സരങ്ങൾ കളിച്ച അദ്ദേഹം നിരവധി കിരീടങ്ങൾ നേടിക്കൊടുത്തു.

ബ്രസീലിന്റെ വലത് കൊടുങ്കാറ്റ്

റൈറ്റ് വിംഗറായി കളിച്ചിരുന്ന ഗരിഞ്ച ക്രോസുകൾ നൽകുന്നതിലും സ്വയം ഗോൾ നേടുന്നതിലും ഒരുപോലെ മിടുക്കനായിരുന്നു.

ബ്രസീലിന്റെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഗരിഞ്ച നിർണായക പങ്കുവഹിച്ചു. പെലെയും ഗരിഞ്ചയും ഒന്നിച്ച് കളിച്ച ആദ്യ ലോകകപ്പായിരുന്നു 1958ൽ സ്വീഡനിൽ നടന്നത്. 1962ലെ ചിലി ലോകകപ്പാണ് ഗരിഞ്ചയെ ഇതിഹാസമാക്കിയത്. ആദ്യ മത്സരങ്ങളിൽ പെലെയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നപ്പോൾ, ബ്രസീലിനെ ഒറ്റയ്ക്ക് തോളിലേറ്റി ഗരിഞ്ച മുന്നോട്ട് നയിച്ചു. ടൂർണമെന്റിലെ ടോപ്പ് സ്കോററും മികച്ച കളിക്കാരനും (ഗോൾഡൻ ബാൾ) ഗരിഞ്ചയായിരുന്നു. പെലെയും ഗരിഞ്ചയും ഒരുമിച്ച് കളിച്ച ഒരു മത്സരത്തിൽ പോലും ബ്രസീൽ പരാജയപ്പെട്ടിട്ടില്ല. ഡിഫൻഡർമാരെ കബളിപ്പിച്ച് വീഴ്ത്തിയ ശേഷം അവർ എഴുന്നേൽക്കാൻ കാത്തുനിന്ന് വീണ്ടും ഡ്രിബിൾ ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. പാവപ്പെട്ടവരുടെ പ്രതിനിധിയായി ജീവിച്ചതുകൊണ്ട് തന്നെ ബ്രസീലുകാർക്ക് പെലെയേക്കാൾ പ്രിയങ്കരനായിരുന്നു പലപ്പോഴും ഗരിഞ്ച.

വിധിയുടെ ചുവപ്പ് കാർഡ്

കടുത്ത മദ്യപാനവും സാമ്പത്തിക അച്ചടക്കമില്ലായ്മയും അദ്ദേഹത്തിന്റെ ജീവിതം തകർത്തു. അമിതമായ മദ്യപാനം മൂലം കരൾ രോഗബാധയെ തുടർന്ന് 1983 ജനുവരി 20ന്, തന്റെ 49-ാം വയസിൽ അദ്ദേഹം അന്തരിച്ചു. അങ്ങേയറ്റം ദരിദ്രനായി, ആരുമില്ലാത്ത അവസ്ഥയിലാണ് ഫുട്ബാൾ ലോകത്തെ ഈ രാജകുമാരൻ വിടവാങ്ങിയത്. ആ കല്ലറയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്,

ഇവിടെ ആനന്ദത്തിന്റെ ദൂതൻ നിത്യനിദ്ര കൊള്ളുന്നു!.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL