കൊല്ലം: ജില്ലയിലെ സ്കൂളുകളിലെ അദ്ധ്യാപക പ്രതിസന്ധിക്ക് പരിഹാരമാകുന്നു. തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകരെ ഒഴിവുള്ള മറ്റ് സ്കൂളുകളിലേക്ക് പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂർത്തിയായപ്പോൾ ജില്ലയിൽ 69 എൽ.പി അദ്ധ്യാപകരും 59 യു.പി അദ്ധ്യാപകരും ഉൾപ്പടെ ആകെ 128 അദ്ധ്യാപകർ ആവശ്യത്തിന് കുട്ടികളില്ലാത്തതിനെ തുടർന്ന് അധിക (സൂപ്പർന്യൂമററി) തസ്തികയിലായതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിലവിൽ ഒഴിവുള്ള മറ്റ് സർക്കാർ സ്കൂളുകളിലേക്ക് പുനഃക്രമീകരിക്കാനാണ് തീരുമാനം. ഇതോടെ ജില്ലയിൽ നിലവിലുള്ള അദ്ധ്യാപക ഒഴിവുകൾ വലിയൊരു ശതമാനവും നികരും.
എന്നാൽ ഹൈസ്കൂൾ വിഭാഗത്തിൽ എത്ര അദ്ധ്യാപകർക്ക് തസ്തിക നഷ്ടപ്പെടുമെന്ന കാര്യത്തിൽ കൃത്യമായ കണക്കായിട്ടില്ല. ജൂലായ് 15 ഓടെ മാത്രമേ ഈക്കാര്യം വ്യക്തമാവുകയുള്ളൂ. എങ്കിലും ഹൈസ്കൂൾ വിഭാഗത്തിലെ ക്ഷാമം പരിഹരിക്കാനായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിഷയങ്ങളിലായി 46 പുതിയ നിയമനങ്ങളും ജില്ലയിൽ നടന്നു.
പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ആകെ 203 അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ ആശങ്കകൾക്കാണ് ആറാം പ്രവൃത്തി ദിന കണക്കെടുപ്പിലെ പ്രാഥമിക വിവരങ്ങൾ വിരാമമിട്ടത്.
പുനഃക്രമീകരണവുമായി വിദ്യാഭ്യാസ വകുപ്പ്
എൽ.പി വിഭാഗത്തിൽ സൂപ്പർന്യൂമററി തസ്തികകളിലുള്ളത് 69 അദ്ധ്യാപകർ, 67 ഒഴിവുകൾ പൂർണമായും നികരും
യു.പി വിഭാഗത്തിൽ അധികമുള്ളത് 59 അദ്ധ്യാപകർ, 58 ഒഴിവുകളും നികരും
നടുവൊടിച്ച് സെൻസസ് ഡ്യൂട്ടി
ഓണ പരീക്ഷ പടിവാതിലിൽ നിൽക്കെ പോഷൻ തീർക്കാൻ നൊട്ടോട്ടമോടുന്ന അദ്ധ്യാപകരുടെ നടുവൊടിച്ച് സെൻസസ് ഡ്യൂട്ടി. പല സ്കൂളുകളിലും ക്ലാസെടുക്കാൻ ആളില്ലാത്ത അവസ്ഥയായി. നേരത്തെ ഒരു വിഭാഗം അദ്ധ്യാപകർക്ക് ബി.എ.ഒമാരുടെ ഡ്യൂട്ടിയുമുണ്ട്. ഇതിന് പിന്നാലെയാണ് സെൻസസ് ഡ്യൂട്ടിയുമെത്തിയത്. അദ്ധ്യാപകർ കുറവുള്ള എയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കാൻ ആളില്ലാത്തതിനാൽ കുട്ടികൾക്ക് അവധി നൽകേണ്ട സ്ഥിതിയുമുണ്ട്.
.................................
ജില്ലയിൽ ഒഴിവ്
........................
എൽ.പി: 67
യു.പി: 58
ഹൈസ്കൂൾ: 78
ആകെ: 203
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |